ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും;തെളിവെടുപ്പ് തുടങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

single-img
19 January 2018

തിരുവനന്തപുരം: പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിത കാല സമരം 771 പിന്നിട്ട വേളയിലാണ് ഈ തീരുമാനം.ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. ഇത് അല്‍പ സമയത്തിനകം സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിന് കൈമാറുമെന്നണ് വിവരം.

അതേസമയം സിബിഐ വിജ്ഞാപനം കിട്ടിയത് കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നും മൊഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ തുടങ്ങുന്നത് വരെ സമരം നടത്തുമെന്നുമാണ് ശ്രീജിത്തിന്റെ പ്രതികരണം.

നേരത്തേ മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിനും എംപി കെസി വേണുഗോപാലിനും സിബിഐ അന്വേഷണം സംബന്ധിച്ച അറിയിപ്പ് കിട്ടിയിരുന്നു. എന്നിട്ടും വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. അതിനിടയില്‍ കേസില്‍ ശ്രീജിത്തിന്റെ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സിബിഐ അന്വേഷണം സംബന്ധിച്ച കരടു വിജ്ഞാപനം വരുന്നത്.

പാറശാല പൊലീസ് സ്​റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.ഐ ഏ​റ്റെടുക്കണമെന്ന് 2017 ജൂലായില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍ വരുന്നില്ലെന്നും പറഞ്ഞ് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.