ഗുജറാത്ത് കലാപം സംബന്ധിച്ച് അമിത് ഷായ്‌ക്കെതിരെ സഞ്ജീവ് ബട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
13 October 2015

amit shah_2_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0_0

ന്യൂഡല്‍ഹി: 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനെതിരെ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് സുപ്രീം കോടതിയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത് ഷായെയും ഉള്‍പ്പെടുത്തണമെന്നുള്ള ഹര്‍ജി തള്ളി. അമിത് ഷായ്ക്ക് പുറമെ ബി.ജെപി. നേതാവ് എസ്. ഗുരുമൂര്‍ത്തിയുടെ പേരും ഭട്ട് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഇതിനുപുറമെ ഗുജറാത്ത് അഡ്വക്കേറ്റ് ജനറലായ തുഷര്‍ മേത്തയുടെ ഇമെയില്‍ ഹാക്ക് ചെയ്തതിന് സഞ്ജീവ് ഭട്ടിനെതിരെ നടപടിയെടുക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ 2011ലാണ് സുപ്രീംകോടതിയില്‍ വിവാദ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയത്. അന്ന് മുതല്‍ സസ്‌പെന്‍ഷനിലുള്ള ഭട്ടിനെ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിച്ചു എന്ന് കാണിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ പിരിച്ചുവിട്ടിരുന്നു.

1999 ഡിസംബര്‍ മുതല്‍ 2002 സെപ്റ്റംബര്‍ വരെ സഞ്ജീവ് ഭട്ട് ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. അക്കാലത്താണ് ഗുജറാത്തില്‍ കലാപം പൊട്ടിപുറപ്പെട്ടത്.