ഗാന്ധിയുടെ ചിത്രം വെച്ചുള്ള അമേരിക്കന്‍ കമ്പനിയുടെ ബിയര്‍ ബോട്ടിലിനെതിരെ അമേരിക്കന്‍ രാഷ്ട്രപിതാവ് ജോര്‍ജ് വാഷിംഗ്ടണ്ണിന്റെ ചിത്രം പതിപ്പിച്ച ‘വാഷിംഗ്ടണ്‍ സ്ലിപ്പ’റുമായി ഒരു കേരള കമ്പനി

single-img
20 January 2015

Chappalന്യൂ ഇംഗ്ലണ്ട് ബ്രൂയിങ് കന്പനിയുടെ ബിയര്‍ ബോട്ടിലിലാണ് രാഷ്ട്രപിതാവിന്റെ രേഖാചിത്രം ആലേഖനം ചെയ്ത് ഗാന്ധി ബോട്ട് എന്ന പേരില്‍ വിപണിയിലിറക്കി രാഷ്ട്രപിതാവിനെ അപമാനിച്ചതിനു മറുപടിയെന്നോണം കേരളത്തിലെ ഒരു ചെരുപ്പ് നിര്‍മ്മാണ കമ്പനി ഒരു ചെരിപ്പുമായി എത്തുകയാണ്. യു.എസ്.എയുടെ സ്ഥാപക പിതാവും ആദ്യ പ്രസിഡന്റുമായ ജോര്‍ജ് വാഷിങ്ടണിന്റെ ചിത്രമാണ് ഈ കമ്പനി ‘വാഷിങ്ടണ്‍ സ്ലിപ്പര്‍’ എന്ന പേരില്‍ പുറത്തിറക്കുന്ന ചെരുപ്പില്‍ ഉണ്ടാവുക.

ഗാന്ധി ചിത്രം ആലേഖനം ചെയ്തതിന് പകരമായി നൂറ് ചെരുപ്പുകള്‍ ഇത്തരത്തില്‍ തയ്യാറാക്കാനാണ് പദ്ധതി. പക്ഷേ ചെരുപ്പ് കന്പനിയുടെ പേര് ഇതു വരെ പുറത്തു വിട്ടിട്ടില്ല. യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തുന്‌പോള്‍ കാണത്തക്ക രീതിയില്‍ യു.എസ് എംബസിക്ക് മുന്നില്‍ ഈ ചെരുപ്പുകള്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാത്രമല്ല യു.എസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യു.എസ് പാര്‍ലമെന്റ് സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, ബിയര്‍ പുറത്തിറക്കിയ കന്പനിയുടെ ഉടമകള്‍, യു.എസ്. പ്രതിപക്ഷ നേതാവ്, അന്പത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, ഇന്ത്യയുമായി ബന്ധമുള്ള രണ്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍, ഇന്ത്യയിലെ യു.എസ് അന്പാസഡര്‍ എന്നിവര്‍ക്കും ഒരു ജോഡി ചെരുപ്പുകള്‍ അയച്ചുകൊടുക്കുമെന്നും പറയുന്നു.