മതംമാറി വിവാഹം കഴിച്ചതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുസ്ലീം യുവതി തടവറയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി

single-img
30 May 2014

xfeat6b.jpg.pagespeed.ic.Mum-auotMuമതനിന്ദയും വ്യഭിചാരക്കുറ്റവും ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുസ്ലീം യുവതി തടവറയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സുഡാനിലെ മെറിയം യാഹിയാ ഇബ്രാഹിമാണ് തടവറിയില്‍ ഇരുകാലുകളും ബന്ധിക്കപ്പെട്ട അവസ്ഥയില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

ചുമത്തിയിരിക്കുന്ന കുറ്റം മതനിന്ദയും വ്യഭിചാരമെന്നൊക്കെയാണെങ്കിലും മെറിയം ചെയ്ത കുറ്റം ഒരു കൃസ്ത്യന്‍ മതവിശ്വാസിയെ വിവാഹം ചെയ്തുവെന്നുള്ളതാണ്. സുഡാന്‍ ഒരു മുസ്ലീം രാജ്യമായതിനാല്‍ അവിടുത്തെ നിയമം അനുസരിച്ച് ഇസ്ലാമല്ലാത്ത ഒരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതിനെ വ്യഭിചാര കുറ്റമായാണ് കാണുന്നത്. മെറിയത്തിന്റെ ഭര്‍ത്താവ് അമേരിക്കക്കാരനായ ഡാനിയേല്‍ വാനി ക്രിസ്തുമത വിശ്വാസിയാണ്. ഇതിനാണ് സുഡാന്റെ തലസ്ഥാനമായ കാര്‍തൗമിലെ കോടതി മെറിയത്തെ വധശിക്ഷക്ക് വിധിച്ചത്.

എന്നാല്‍ ഭര്‍ത്താവിനെയും ക്രൈസ്തവ വിശ്വാസത്തേയും തള്ളിപ്പറഞ്ഞാല്‍ സ്വതന്ത്രയാക്കാമെന്ന സുഡാന്റെ വാഗ്ദാനം മെറിയം തള്ളിക്കളഞ്ഞു. ക്രൈസ്തവ വിശ്വാസം തള്ളിപറയുവാന്‍ തയ്യാറല്ലെന്ന് മെറിയം കോടതിയില്‍ പറഞ്ഞിരുന്നു.മെറിയം ഗര്‍ഭിണിയായതിനാലാണ് വധശിക്ഷ നടപ്പാക്കുന്നത് നീട്ടി വച്ചത്. ഇവരെ പിന്നീട് തടവറയില്‍ ചങ്ങലയിട്ടു പൂട്ടുകയും ചെയ്തു. കുഞ്ഞിന്റെ ജനിച്ച് രണ്ടു വര്‍ഷം കഴിയും മുമ്പേ മെറിയത്തിന്റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സുഡാന്‍ അറിയിച്ചിട്ടുള്ളത്.

മകള്‍ പിറന്ന കാര്യം മെറിയത്തിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വാനിയാണ് പുറംലോകത്തെ അറിയിച്ചത്. ഡാനിയേല്‍ വാനി തന്റെ അഭിഭാഷകനോപ്പം മെറിയത്തെ കാണുവാന്‍ തടവറയില്‍ ചെന്നിരുന്നു. മകള്‍ സുന്ദരിയാണെന്നും ഇതിനാല്‍ തന്നെ അവള്‍ക്ക് മായ എന്നാണ് മെറിയം പേരു നല്‍കിയിരിക്കുന്നതെന്നും അയാള്‍ പറഞ്ഞു. മെറിയക്കും വാനിക്കും ഒന്നരവയസു പ്രായമുള്ള ഒരു ആണ്‍കുഞ്ഞും ഉണ്ട്. മാര്‍ട്ടിന്‍ എന്ന ഈ കുട്ടിയും ഇപ്പോള്‍ അമ്മയോടൊപ്പം ജയിലിലാണ് കഴിയുന്നത്.

എന്നാല്‍ സുഡാന്റെ ഈ നീക്കത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. ആമ്‌നിസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടിടുണ്ട്. ആറു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയാണ് ആമ്‌നിസ്റ്റി ഇന്റര്‍നാഷണല്‍ മെറിയത്തിന്റെ മോചനത്തിനായി ശേഖരിച്ചിരിക്കുന്നത്.

മെറിയത്തിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന് അപേക്ഷിച്ച് അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ അടുത്തയാഴ്ച്ച കോടതി പരിശോധിക്കും.