പുതുക്കിയ ബസ്‌ യാത്രാനിരക്കുകള്‍ ഇന്ന്‌ അര്‍ധരാത്രി മുതൽ നിലവില്‍വരും

single-img
19 May 2014

privateപുതുക്കിയ ബസ്‌ യാത്രാനിരക്കുകള്‍ ഇന്ന്‌ അര്‍ധരാത്രി മുതൽ നിലവില്‍വരും. അധിക കിലോമീറ്ററുകളിലുള്ള യാത്രകള്‍ക്കു ചില ടിക്കറ്റുകളില്‍ നിരക്കുവര്‍ധനയേക്കാള്‍ കൂടിയ തുക നല്‍കേണ്ടിവരും.

 
ഹ്രസ്വദൂരയാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ഓര്‍ഡിനറി, സിറ്റി ഫാസ്‌റ്റ്‌ സര്‍വീസുകളില്‍ ഇനി കുറഞ്ഞനിരക്ക്‌ ഏഴുരൂപയാകും. ഫാസ്‌റ്റ്‌ പാസഞ്ചറുകളില്‍ കുറഞ്ഞനിരക്ക്‌ എട്ടുരൂപയില്‍നിന്നു പത്താക്കി. തുടര്‍ന്നുള്ള കിലോമീറ്ററുകളിലെ നിരക്കുകള്‍കൂടി ചേര്‍ത്ത്‌ അടുത്ത ഒരുരൂപയോട്‌ റൗണ്ട്‌ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്കു കൂടുതല്‍ ബാധ്യതയുണ്ടാകും.
കിലോമീറ്ററിനു ശരാശരി 10.16 ശതമാനവും കുറഞ്ഞനിരക്കില്‍ ശരാശരി 15.61 ശതമാനവും വര്‍ധനയാണുണ്ടാവുക. പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച ഉത്തരവ്‌ ഇന്നിറങ്ങും. സൂപ്പര്‍ ഫാസ്‌റ്റില്‍ കുറഞ്ഞനിരക്ക്‌ 12-ല്‍നിന്ന്‌ 13 രൂപയായും സൂപ്പര്‍ എക്‌സ്‌പ്രസില്‍ 17-ല്‍നിന്ന്‌ 20 രൂപയായും സൂപ്പര്‍ ഡീലക്‌സില്‍ 25-ല്‍നിന്ന്‌ 28 രൂപയായും ഉയരും. വോള്‍വോ, ലക്‌ഷ്വറി ഹൈടെക്‌ ബസുകളുടെ കുറഞ്ഞനിരക്ക്‌ അഞ്ചുരൂപ വര്‍ധിച്ച്‌ 40 രൂപയാകും.

 
ഓര്‍ഡിനറി ബസുകളില്‍ അധിക കിലോമീറ്റര്‍ നിരക്ക്‌ 64 പൈസയാണ്‌. സിറ്റി ഫാസ്‌റ്റ്‌, ഫാസ്‌റ്റ്‌ പാസഞ്ചര്‍ സര്‍വീസുകളുടേത്‌ 68 പൈസയും സൂപ്പര്‍ ഫാസ്‌റ്റുകളുടേത്‌ 72 പൈസയുമാണ്‌. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ല.