ബോബി ഓടിത്തുടങ്ങുന്നു; കേരളം കഴിഞ്ഞാല്‍ ദുബായ് മുതല്‍ അബുദാബിവരെ, അമേരിക്കയില്‍ ഒബാമയും!!!

single-img
12 March 2014

bobby-chemmannurബോബി ചെമ്മണ്ണൂരിന്റെ കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്കുള്ള 600 കിലോമീറ്റര്‍ ഒട്ടത്തിന് ഇന്ന് തുടക്കമാകുന്നു. രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ആരംഭിക്കുന്ന ഈ ഓട്ടം കാസര്‍ഗോഡ് എം.പി പി. കരുണാകരന്‍ ഫഌഗ്ഓഫ് ചെയ്യും. ആവശ്യമുള്ളവര്‍ക്ക് 24 മണിക്കൂറും രക്തം ലഭ്യമാക്കുന്ന ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്ക് എന്ന പേരിലുള്ള വിപുലമായ ബ്ലഡ് ബാങ്ക് സൃഷ്ടിക്കുകയാണു ദീര്‍ഘദൂര ഓട്ടത്തിന്റെ ലക്ഷ്യമെന്നു ബോബി ചെമ്മണ്ണൂര്‍ കാസര്‍ഗോട്ടു പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ജില്ലകളിലും ബ്ലഡ് ബാങ്ക് , പാവപ്പെട്ട രോഗികള്‍ക്കു കുറഞ്ഞ ചെലവില്‍ മരുന്ന്, ഭക്ഷണ വിതരണം എന്നിവ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികമായി വളരെയേറെ തയ്യാറെടുപ്പുകളോടെയാണ് ബോബി ഓട്ടം തുടങ്ങുന്നത്. ആപ്പിള്‍ കമ്പനിയുടെ ഐപോഡ് സെന്‍സര്‍ ചിപ് ഘടിപ്പിച്ച നൈക് കമ്പനിയുടെ ഷൂവാണ് ബോബി ഓട്ടത്തിനുവേണ്ടി ധരിക്കുന്നത്. ഓടുന്ന ദൂരം എത്രയാണെന്ന് കൃത്യമായി ഈ ഷൂവില്‍ അടയാളപ്പെടുത്താനുള്ള സംവിധാനമുണ്ട്. ദിവസവും 25-30 കിലോമീറ്റര്‍ ഓടുകയെന്നുള്ളതാണ് തന്റെ ലക്ഷ്യമെന്നും ബോബി പറഞ്ഞു.

തന്റെകുടെ ഓടാന്‍വേണ്ടി നിരവധിപേര്‍ ഫെയ്‌സ്ബുക്കിലൂടെയും മറ്റും സന്നദ്ധത അറിയിച്ചു കഴിഞ്ഞതായി ബോബി പറഞ്ഞു. ഒരുമാസം കൊണ്ട് ഈ ദൂരം ഓടിയെത്താനാകുമെന്നാണ് പ്രതീക്ഷ. ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള മൊബൈല്‍ രജിസ്‌ട്രേഷന്‍ കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 0808-280-7700 എന്ന നമ്പറിലേക്ക് name, blood group, age, gender, district, pincode എന്നീ വിവരങ്ങള്‍ എസ്എംഎസ് അയച്ചും രജിസ്റ്റര്‍ ചെയ്യാമെന്നും ബോബി സൂചിപ്പിച്ചു. അതുപോലെ www.chemmanurinternational.com എന്ന സൈറ്റുവഴിയും രക്തദാതാക്കള്‍ക്ക് രജ്‌സ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ 600 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയാലുടന്‍ ദുബായ് മുതല്‍ അബുദാബി വരെ ഓട്ടം സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ അധികൃതരുടെ പൂര്‍ണ്ണ പിന്തുണയോടെയായിരിക്കും ഈ ഓട്ടം. അതിനുശേഷം അമേരിക്കയില്‍ സംഘടിപ്പിച്ചിരിക്കുന്ന ദീര്‍ഘദൂരയോട്ടത്തില്‍ പങ്കെടുക്കും. ആയിരത്തോളം അമേരിക്കന്‍ മലയാളികളും തന്നോടൊപ്പം കാണുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയായിരിക്കും ഈ ഓട്ടം ഉത്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.