ഗര്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവും 27 കോടിരൂപ പിഴയും

single-img
10 March 2014

Dr-P-Mohammed-Ali-e1353573482364മലയാളിയും ഒമാനിലെ ഗള്‍ഫാര്‍ ഗ്രൂപ്പ് മുന്‍ എംഡി ഗള്‍ഫാര്‍ മുഹമ്മദലിക്ക് അഴിമതിക്കേസില്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 5 കേസുകളിലായി മസ്‌കറ്റ് ക്രിമിനല്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പിഴത്തുകയടക്കം 2.4 മില്ല്യണ്‍ ഒമാനി റിയാല്‍ കെട്ടിവെച്ച മുഹമ്മദലിക്ക് കോടതി ജാമ്യം അനുവദിച്ചു.

ഒമാനില്‍ എണ്ണ വിതരണ പൈപ്പ്‌ലൈന്‍ കരാര്‍ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ കേസുകളിലാണ് മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 5 കേസുകളിലായി മസ്‌കറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 വര്‍ഷം തടവിനൊപ്പം ഗള്‍ഫാര്‍ മുഹമ്മദലി 1.7 മില്ല്യണ്‍ ഒമാനി റിയാല്‍(27 കോടിയോളം രൂപ) പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കി.

പെട്രോളിയം ഡെവലെപ്‌മെന്റ് ഓഫ് ഒമാനിലെ (പിഒഡി) മുന്‍ ജനറല്‍ മാനേജര്‍ സാദിഖ് സുലൈമാന്‍ന് ആറ് വര്‍ഷം തടവും രണ്ട് ലക്ഷം ഒമാനി റിയാല്‍ പിഴയും സാലിഹ് നഹിദാ എണ്ണപ്പാടത്തിലെ മുന്‍ പ്രൊജക്ട് മാനേജറും കേസില്‍ മറ്റൊരു പ്രതിയുമായ മുഹമ്മദ് അല്‍ മസ്‌ക്കറ്റിക്ക് മൂന്ന് വര്‍ഷം തടവും ഒന്നര ലക്ഷം ഒമാനി റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്.

മുന്‍ പ്രൊജക്ട് മേധാവി നാസര്‍ അല്‍ അലാവിക്ക് മൂന്ന് വര്‍ഷം തടവും 24000 ഒമാനി റിയാല്‍ പിഴയും നോര്‍ത്ത് സെക്ടര്‍ കരാര്‍ മേധാവി ഖാലിദ് അല്‍ ഖറാദിക്ക് മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം ഒമാനി റിയാല്‍ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. നോര്‍ത്ത് സെക്ടര്‍ മേധാവി സെയ്ഫ് അല്‍ ഹനാനിക്ക് മൂന്ന് വര്‍ഷം തടവും 10 ലക്ഷം ഒമാനി റിയാല്‍ പിഴയുമാണ് ശിക്ഷ. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും കോടതി നിര്‍ദ്ദേശിച്ചു.കൈക്കൂലി വാങ്ങല്‍, അധികാര ദുര്‍വിനിയോഗം, പൊതു പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.