ചിരഞ്ജീവി ആന്ധ്രയില്‍ മുഖ്യമന്ത്രിയാവാൻ സാധ്യത

single-img
27 February 2014

chiചിരഞ്ജീവി ആന്ധ്രയില്‍ മുഖ്യമന്ത്രിയാവാന്‍ സാധ്യത. തെലങ്കാന വിഷയം ആളിക്കത്തിയപ്പോള്‍ കോണ്‍ഗ്രസ് അനുകൂല നിലപാടുകളെടുത്തതാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിരഞ്ജീവിയെ പരിഗണിക്കാന്‍ സാധ്യത കൂട്ടുന്നത്. ചിരഞ്ജീവിയെ തിരഞ്ഞെടുത്താൽ കാപ്പു വിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാകും അദ്ദേഹം.

മുമ്പ് കിരണ്‍കുമാര്‍ റെഡ്ഡിക്ക് ഭൂരിപക്ഷം നഷ്ടമായപ്പോള്‍ നിരുപാധിക പിന്തുണയുമായി ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി എത്തിയതും കോണ്‍ഗ്രസ്സിനെ സന്തോഷിപ്പിച്ചിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ചിരഞ്ജീവിക്ക് രാജ്യസഭാംഗത്വവും പിന്നീട് കേന്ദ്രമന്ത്രി പദവിയും നല്‍കിയത്. സീമാന്ധ്രയിലെ 25 ശതമാനത്തോളം വരുന്ന ‘കാപ്പു’ സമുദായത്തിന്റെ പിന്തുണ ചിരഞ്ജീവിക്കുള്ളതും വരുന്ന തിരഞ്ഞെടുപ്പില്‍ അനുകൂലമാക്കാനാവുമെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസ്സിനുണ്ട്. സിനിമാതാരമെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ചിരഞ്ജീവിക്കുള്ള സ്വാധീനവും നേട്ടമാക്കി മാറ്റാനാവുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

2008-ലാണ് പ്രജാരാജ്യം പാര്‍ട്ടിയുമായി ചിരഞ്ജീവി പൊതുജീവിതത്തിലേക്ക് കടന്നുവരുന്നത്. 2009-ലെ തിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 17 സീറ്റുകള്‍ നേടി ആന്ധ്ര രാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയായി പ്രജാരാജ്യം മാറി.പിന്നീട് ഇദ്ദേഹം 2011 ഓഗസ്റ്റ് 21 നു പ്രജാരാജ്യം കോൺഗ്രസിൽ ലയിപ്പിച്ചു.

ആന്ധ്ര വിഭജനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയായിരുന്ന കിരണ്‍കുമാര്‍ റെഡ്ഡി രാജിവെച്ചതിനെത്തുടര്‍ന്നാണ് പതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്. പി.സി.സി. അധ്യക്ഷന്‍ സത്യനാരായണ, മന്ത്രി ലക്ഷ്മി നാരായണ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ചിരഞ്ജീവിക്ക് സാധ്യത തെളിയുമെന്നാണ് സൂചന.