ആന്‍ഡമാനില്‍ ബോട്ടു മുങ്ങി 21 പേര്‍ മരിച്ചു : ഏറെയും തമിഴ്നാട് സ്വദേശികള്‍

single-img
26 January 2014

ആന്‍ഡമാനില്‍ ബോട്ടു മുങ്ങി 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലയറിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ആണ് അപകടം.

അക്വാ മറീന്‍ എന്ന ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്.ഏകദേശം നാല്പത്തഞ്ചു യാത്രികര്‍ എങ്കിലും ബോട്ടില്‍ ഉണ്ടായിരുന്നതായാണ് സൂചന.ഇവരില്‍ മുപ്പതോളം പേര്‍  തമിഴ്നാട്ടിലെ കാഞ്ചിപുരത്ത് നിന്നും പോയ വിനോദസഞ്ചാരികള്‍ ആണ്.

ഇന്ന് വൈകുന്നേരം നാലുമണിയോടെ ആണ് അപകടം ഉണ്ടായത്.ഏകദേശം പതിമൂന്നു പേരെ രക്ഷിക്കാന്‍ കഴിഞ്ഞു എന്ന്  ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റ: ജനറല്‍ എ കെ സിംഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട അദ്ദേഹം മരണപ്പെട്ടവരുടെ കുടുംബത്തിനു ഒരു ലക്ഷം രൂപാ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു .രക്ഷപ്പെട്ട ആളുകളെ പോര്‍ട്ട്‌ബ്ലയറിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇരുപത്തി അഞ്ചു പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ബോട്ടില്‍ ഇത്രയധികം ആളുകളെ കയറ്റിയതാണ് അപകടത്തിനു കാരണം എന്ന് ആരോപണം ഉണ്ട്.നേവിയും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.