മതനിന്ദ : പാക്കിസ്ഥാനില്‍ എഴുപതു വയസ്സുള്ള ബ്രിട്ടീഷ്‌ പൌരനു വധശിക്ഷ

single-img
25 January 2014

മതനിന്ദ ആരോപിച്ചു എഴുപതു വയസ്സുള്ള ബ്രിട്ടീഷ്‌ പൌരനു പാക്കിസ്ഥാനില്‍ വധശിക്ഷ വിധിച്ചു. സ്കോട്ട്ലന്റിലെ എഡിന്‍ബര്ഗ് സ്വദേശിയായ  മുഹമ്മദ്‌ അസ്ഗര്‍ എന്ന എഴുപതുകാരനെ ആണ് പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ കോടതി വധശിക്ഷയ്ക്കു വിധിക്കുന്നത്.

താന്‍ പ്രവാചകനാണ്‌ എന്ന് അവകാശപ്പെട്ടു കൊണ്ട് അസ്ഗര്‍ നിരവധി പേര്‍ക്ക് കത്തെഴുതി എന്നാണു ആരോപണം.എന്നാല്‍ അസ്ഗര്‍ മാനസിക നിലയില്‍ തകരാര്‍ ഉള്ള ആണ് എന്ന് അസ്ഗറിന്റെ അഭിഭാഷക കോടതിയില്‍ തെളിവുകള്‍ സമര്‍പ്പിച്ചിരുന്നു.ഈ തെളിവുകളെ ഒക്കെ പാടെ നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

മുഹമ്മദ്‌ അസ്ഗറിന്റെ കത്തുകള്‍ ഏറെയും ലഭിച്ചത് പോലീസ് ഓഫിസര്‍മാര്‍ക്ക് ആണ്.താന്‍ പ്രവാചകന്‍ ആണ് എന്ന് കോടതിയുടെ  മുന്നിലും സമ്മതിക്കുന്നുണ്ടായിരുന്നു എന്ന് പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ജാവേദ്‌ ഗുല്‍ പറയുന്നു.2010-ല്‍ ആണ് അസ്ഗര്‍ അറസ്റ്റിലാകുന്നത്.

എന്നാല്‍ തന്നെ കോടതി നിര്‍ബ്ബന്ധപൂര്‍വ്വം കോടതി നടപടികളില്‍ നിന്നും ഒഴിവാക്കി എന്ന് പ്രതിഭാഗം അഭിഭാഷക ആരോപിച്ചു.തന്നെ പുറത്തു നിര്‍ത്തിയ ശേഷം അടച്ചിട്ട മുറിയിലാണ് കോടതി നടപടികള്‍ തുടര്‍ന്നത് എന്നും അവര്‍ ആരോപിക്കുന്നു.എഡിന്ബര്‍ഗിലെ ഒരു മാനസിക രോഗാശുപത്രിയില്‍ ഏറെക്കാലം അസ്ഗര്‍ ചികിത്സയില്‍ ആയിരുന്നതിന്റെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ താന്‍ കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി അതൊന്നും ചെവിക്കൊണ്ടില്ലെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും അവര്‍ പറഞ്ഞു.