സൂര്യന്റെ ഗുരുത്വാകര്‍ഷണം ഉണ്ടായിരുന്നിട്ടും ശുക്രന്‍ കറങ്ങുന്നു; കാരണം കണ്ടെത്തി ഗവേഷകർ

single-img
23 April 2022

സൂര്യന്റെ ഗുരുത്വാകര്‍ഷണം പൂർണ്ണമായി ഉണ്ടായിരുന്നിട്ടും ശുക്രന്‍ കറങ്ങുന്നത് എന്തുകൊണ്ട് എന്ന് നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇതാ അന്താരാഷ്‌ട്ര ശാസ്ത്ര സമൂഹം അതിനുള്ള ഉത്തരം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. വളരെയധികം കട്ടിയുള്ളതും വേഗത്തില്‍ ചലിക്കുന്നതുമായ അന്തരീക്ഷം ഇല്ലായിരുന്നെങ്കില്‍ ശുക്രന്‍ ഭ്രമണം ചെയ്യില്ലായിരുന്നു എന്നാണ് പുതിയ പഠനം പറയുന്നത്.

ശുക്രന് വളരെ ശാന്തമായ അന്തരീക്ഷം ഇല്ലായിരുന്നുവെങ്കില്‍, ചന്ദ്രന്റെ അതേ വശം എല്ലായ്‌പ്പോഴും ഭൂമിയെ അഭിമുഖീകരിക്കുന്നത് പോലെ സൂര്യനെ അഭിമുഖീകരിക്കുമായിരുന്നു എന്നും നേചര്‍ ആസ്‌ട്രോണമി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

യുഎസിൽ നിന്നുള്ള കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ശുക്രനെ കുറിച്ച് പഠനം നടത്തിയത്. ബഹിരാകാശത്ത് ഒരു വലിയ വസ്തുവിന്റെ ഗുരുത്വാകര്‍ഷണം കാരണം ഒരു ചെറിയ വസ്തു കറങ്ങുന്നത് തടയാന്‍ കഴിയുന്ന പ്രതിഭാസമാണ് ടൈഡല്‍ ലോകിംഗ്. ശുക്രന്റെ അന്തരീക്ഷം ടൈഡല്‍ ലോകിംഗിനെ തടയുന്നതാണെന്നും ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ പറയുന്നു.

മറ്റുള്ള ഗ്രഹങ്ങളും ടൈഡല്‍ ലോകിംഗിനെ തടയാന്‍ കഴിവുള്ളവയാണെന്നും പഠനം വ്യക്തമാക്കുന്നു. ഖര ഗ്രഹവുമായി കുറഞ്ഞ പ്രതിപ്രവര്‍ത്തനം നടത്തുന്ന ഒരു ഗ്രഹത്തിന്റെ മുകളിലുള്ള നേര്‍ത്തതും ഏതാണ്ട് വേറിട്ടതുമായ പാളിയായാണ് അന്തരീക്ഷത്തെ കണക്കാക്കുന്നതെന്ന് ഗവേഷണത്തിന്റെ പ്രധാന രചയിതാവ് സ്റ്റീഫന്‍ കെയ്ന്‍ പറഞ്ഞു. ശുക്രന്റെ ശക്തമായ അന്തരീക്ഷം ഗ്രഹത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണെന്നും എത്ര വേഗത്തില്‍ ഗ്രഹം കറങ്ങുന്നു എന്നതിനെ പോലും ഇത് സ്വാധീനിക്കുന്നെന്ന് മനസിലാക്കാനായെന്നും കലിഫോര്‍ണിയ റിവര്‍സൈഡ് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വിശദീകരിച്ചു.

അതേസമയം ശുക്രന്റെ ഭ്രമണകാലം 243 ഭൗമദിനങ്ങളാണ്, പക്ഷെ സൂര്യനെ വലം വയ്ക്കുന്നതിന് 224.7 ഭൗമദിനങ്ങളെടുക്കും. ഓരോ നാല് ദിവസത്തിലും ശുക്രന്റെ അന്തരീക്ഷം ആ ഗ്രഹത്തെ ചുറ്റി സഞ്ചരിക്കുന്നു. അന്തരീക്ഷം വ്യാപിക്കുമ്പോള്‍, വളരെ വേഗത്തിലുള്ള കാറ്റ് ഉപരിതലത്തിലൂടെ വലിച്ചിടാന്‍ ഇടയാക്കുന്നു. ഇത് ശുക്രന്റെ ഭ്രമണത്തെ മന്ദീഭവിപ്പിക്കുകയും സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിന്റെ പിടി അയയ്ക്കുകയും ചെയ്യുന്നുവെന്നും പഠനം പറയുന്നു.