ശ്രീനിവാസന്റെ കൊലപാതകം; കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപ്പെടെ നാല് പ്രതികൾ അറസ്റ്റിൽ

single-img
21 April 2022

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകനായിരുന്ന ശ്രീനിവാസൻ കൊലചെയ്യപ്പെട്ട കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാൻ കൃത്യത്തിൽ പങ്കെടുത്തവരുടെ ഫോണുകൾ ശേഖരിച്ചു അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. സഹദ് ഗൂഢാലോചനയിൽ പങ്കെടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്.

ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചു.

അതേസമയം, സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. സുബൈർ വധത്തിൽ പ്രതികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.