മഞ്ജു വാര്യരുടെ സിനിമകള്‍ മുടക്കാന്‍ ദിലീപ് ഇപ്പോഴും ശ്രമം നടത്തുന്നു: ഭാഗ്യലക്ഷ്മി

single-img
21 April 2022

മഞ്ജു വാര്യർ അഭിനയിക്കുന്ന സിനിമകള്‍ മുടക്കാന്‍ മുന്‍ ഭര്‍ത്താവും നടിയെ ആക്രമിച്ച കേസിലെ പ്രതിയുമായ ദിലീപില്‍ നിന്നും ഇപ്പോഴും ശ്രമങ്ങള്‍ നടക്കുന്നതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മഞ്ജുവിനെ അഭിനയിക്കാൻ വിളിക്കുന്ന പല സംവിധായകരെയും ദിലീപും സംഘവും ഇക്കാര്യം ആവശ്യപ്പെട്ട് വിളിക്കുന്നുണ്ട്.

തമിഴ് സിനിമയിൽ പോലും വരെ വിളിച്ച് മഞ്ജുവിനെ വെച്ച് സിനിമ ചെയ്യരുതെന്ന് ഇവര്‍ ആവശ്യപ്പെട്ടതായും ഭാഗ്യലക്ഷ്മി ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം നമ്മൾ അറിഞ്ഞിട്ടും നമ്മള്‍ മിണ്ടാതിരിക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യങ്ങളാണെന്ന് കരുതിയാണ്. പക്ഷെ ഒരു സ്ത്രീയെ പറയാന്‍ പാടില്ലാത്ത രീതിയില്‍ പല ആരോപണങ്ങളും പറയുമ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കുകയാണ് നമ്മള്‍ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘മഞ്ജു അങ്ങനെയാണ്’ തനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണങ്ങള്‍ നടക്കുമ്പോഴും ഒന്നും പറയേണ്ട ചേച്ചി എന്നാണ് മഞ്ജു പറയാറ്. എന്നാൽ കുറച്ചു സംസാരിക്കുമെന്ന് ഇന്നലെ ഞാന്‍ പറഞ്ഞു. ചേച്ചിക്ക് സ്വാതന്ത്ര്യമുണ്ടല്ലോ സംസാരിച്ചോ ചേച്ചി എന്നെക്കുറ്റം പറഞ്ഞാലും ഞാനൊന്നും പറയില്ല എന്നാണ് മഞ്ജു പറഞ്ഞത്.

അതേപോലെ തന്നെ പല പുരുഷന്‍മാരുമായി ചേര്‍ത്ത് പറയാന്‍ പാടില്ലാത്ത പലതും പറഞ്ഞിട്ടും അവരൊരു സ്ഥലത്ത് പോലും എന്തായിരുന്നു അവര്‍ തമ്മില്‍ അകലാനുള്ള കാരണമെന്ന് പറഞ്ഞിട്ടില്ല. അത് അവര്‍ക്ക് ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. അനാവശ്യ വിവാദങ്ങളില്ല. അതിജീവിതയെ തന്നെ നോക്കൂ ഒരു സാധാരണ അഭിമുഖം പോലും ചോദിച്ചാല്‍ അവരില്‍ നിന്ന് കിട്ടില്ല. കാരണം അത് അവരുടെ മാന്യതയാണ്. എന്തെങ്കിലും പറഞ്ഞാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് വളച്ചൊടിക്കുന്ന സാഹചര്യമാണെന്നും ഭാഗ്യലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു.