കെ റെയിൽ പ്രായോഗികമല്ല; മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കാണാൻ അനുവദിച്ചില്ല: അലോക് വർമ്മ

single-img
20 April 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കൂടിക്കാഴ്ചക്ക് സമയമനുവദിച്ചില്ലെന്ന് പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയർഡ് റെയിൽവേ ചീഫ് എഞ്ചിനിയർ അലോക് വർമ്മ.

മുഖ്യമന്ത്രിക്ക് പകരം സർക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരും സമയമനുവദിച്ചില്ലെന്നാണ് പരാതി. പദ്ധതിയുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് അലോക് വർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇ മെയിലായും ഔദ്യോഗിക സംവിധാനങ്ങൾ വഴിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. തിരുവനന്തപുരത്തെത്തി നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കെ റെയിലിൽ വിശദീകരണ യോഗത്തിലടക്കം സജീവമായി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ കാണാനും ശ്രമിച്ചു. കെ റെയിൽ പദ്ധതിയുടെ പ്രായോഗികത പഠിക്കാനുള്ള സംഘത്തിലെ പ്രധാനയാളായിരുന്നു റെയിൽവേ ചീഫ് എഞ്ചിനിയറായിരുന്ന അലോക് വർമ്മ.

കേരളത്തിന് പദ്ധതി ആവശ്യമാണ്, പക്ഷേ നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്നാണ് അലോക് വർമ്മയുടെ നിലപാട്. കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥർ ആരെയെങ്കിലും കാണാനവസരമുണ്ടാക്കുമെന്നു ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചിരുന്നു. പക്ഷെ ആ കാര്യവും നടപ്പായില്ല. എന്നാൽ കെ റെയിൽ ഉദ്യോഗസ്ഥരെ പിന്നീട് കാണാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചുവെന്നും അലോക് വർമ്മ പറയുന്നത്.

ഇനി ഭരണനേതൃത്വത്തിനോടല്ലാതെ, കെ റെയിൽ ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇനിയില്ലെന്നാണ് അലോക് വർമ്മയുടെ നിലപാട്. കെ റെയിലിന്റെ ഇടപെടലാണ് പ്രതികൂല ഘടകങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ടു പോകാനിടയായതെന്നാണ് വിമർശനം. അലോക് വർമ്മയുടെ വാക്കുകൾക്ക് പ്രസക്തിയേയില്ലെന്നാണ് കെ റെയിലിന്റെ നിലപാട്. അന്ന് പഠനം നടത്തിയ 18 വിദഗ്ദരിൽ സിസ്ട്രയുടെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ മാത്രമായിരുന്നു അലോക് വർമ്മ.

3 മാസത്തെ അനുഭവം മാത്രമാണ് പദ്ധതിയെക്കുറിച്ച് അദ്ദേഹത്തിനുള്ളത്. അതിനേക്കാൾ വിപുലമായ പഠനങ്ങൾക്ക് ശേഷമാണ് ഡിപിആർ തയാറാക്കിയിട്ടുള്ളത്. എന്നാൽ നിലവിൽ സ്റ്റാൻഡേർഡ് ഗേജായി നിശ്ചയിച്ചിരിക്കുന്ന കെ റെയിൽ ബ്രോഡ് ഗേജായിത്തന്നെ 200 കിലോമീറ്രറിന് മുകളിൽ വേഗത്തിലോടിക്കാനാവുമെന്ന് അലോക് വർമ്മ കെ റെയിലിനെ വെല്ലുവിളിക്കുന്നു. പ്രതിപക്ഷ നേതാവിനെയടക്കം കണ്ട്, പദ്ധതിയുടെ അപ്രായോഗികത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുമെന്നും അലോക് വർമ്മ പറയുന്നു.