ജസ്നക്കായി ഇന്റര്‍പോള്‍ മുഖേനേ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ

single-img
19 April 2022

പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജെസ്‌ന മരിയയെ കണ്ടെത്താനായി കേസ് അന്വേഷിക്കുന്ന സിബിഐ ഇന്റര്‍പോള്‍ മുഖേനേ 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. ജെസ്‌നയുടെ ഫോട്ടോ, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍ തുടങ്ങിയവ ഇതര രാജ്യങ്ങളിലെ ഇന്റര്‍പോളിന് കൈമാറി. 2018 മാര്‍ച്ച് 22 നായിരുന്നു കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായത്.

ജെസ്‌നയുടെ തിരോധാനത്തെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് മുതല്‍ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചെങ്കിലും ജസ്‌നയെ ഇതുവരെ കണ്ടെത്താനായിരുന്നില്ല. ഇതോടുകൂടി കോടതി 2021 ഫെബ്രുവരിയില്‍ കേസ് കേന്ദ്ര ഏജൻസിയായ സിബിഐക്ക് കൈമാറുകയായിരുന്നു.

ജെസ്നയെ കണ്ടെത്താനായി സഹോദരന്‍ ജെയ്‌സ് ജോണ്‍ ജയിംസ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയില്‍ 2021 ഫെബ്രുവരി 19നാണു കോടതി കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്. പക്ഷെ ഇതുവരെ ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണം വേഗത്തിലാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനാ ഹൈക്കോടതിയെ സമീപിച്ചിരുന്നു.