ഡൽഹിയിൽ ഓട്ടോറിക്ഷയിൽ പോലും ലിഫ്റ്റ് കിട്ടാത്ത യെച്ചൂരിക്ക് കേരളത്തിൽ സഞ്ചരിക്കാൻ ടൊയോട്ട ഫോർച്യൂണർ: സന്ദീപ് വാര്യര്‍

single-img
18 April 2022

ഇത്തവണ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്നുള്ള ആരോപണം ശക്തമാക്കി ബിജെപി (BJP). ദില്ലിയില്‍ഡൽഹിയിൽ ആണെങ്കിൽ ഒരു ഓട്ടോറിക്ഷയിൽ പോലും ലിഫ്റ്റ് കിട്ടാത്ത പാർട്ടി അഖിലേന്ത്യ സെക്രട്ടറിക്ക് കേരളത്തിൽ വന്നപ്പോൾ സഞ്ചരിക്കാൻ ടൊയോട്ട ഫോർച്യൂണറാണ് ലഭിച്ചതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പറയുന്നു.

ഈ അവസ്ഥയുള്ള സിപിഎമ്മാണ് ബംഗാളിൽ നിന്നുള്ള യുവനേതാവ് ഋതബ്രത ബാനര്‍ജി ആപ്പിൾ വാച്ചും മോണ്ട് ബ്ലാങ്ക് പെന്നും ഉപയോഗിച്ചു എന്ന മഹാപരാധത്തിന് പുറത്താക്കിയത് എന്നതു കൂടി ചേർത്ത് വായിക്കണം. ഒരു ഇന്ത്യൻ സൈനികനെ ആക്രമിച്ചതിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിദ്ദീഖ് എന്ന നാദാപുരം സ്വദേശിയുടേതാണ് ഫോർച്ചുണർ എന്നും അതില്‍ അത്ഭുതം തോന്നുന്നില്ലെന്നും സന്ദീപ് ഫേസ്ബുക്കില്‍ എഴുതി.

സിപിഎം പാർട്ടി കോൺഗ്രസിന് സിദ്ദീഖ് അല്ലാതെ മറ്റാരാണ് കാർ കൊടുത്ത് സഹായിക്കുക? കേരളത്തിലെ സിപിഎമ്മിനോട് നിങ്ങൾ എന്ത് പണിയാണ് കാണിച്ചതെന്ന് മൂരി നിവർത്തി ചോദിക്കാനുള്ള ആമ്പിയർ ഇന്ന് അഖിലേന്ത്യ സെക്രട്ടറിക്കില്ല. മറ്റൊന്നും കൊണ്ടല്ല, പിണറായി ചെലവിനു കൊടുത്തില്ലെങ്കിൽ ദില്ലി എകെജി ഭവനിൽ റൊട്ടിയും ദാലും കഴിച്ച് ആരും വായിക്കാത്ത പീപ്പിൾസ് ഡെമോക്രസിയിൽ ഖണ്ഡശ ഫാസിസ്റ്റ് വിരുദ്ധ സാഹിത്യവും രചിച്ച് വൈകുന്നേരം അര ഔൺസ് ദശമൂലാരിഷ്ടവും സേവിച്ച് കിടക്കാൻ സാധിക്കാതെ വരും. ബംഗാളും ത്രിപുരയും ഉള്ള കാലത്ത് ലൂട്ടിയൻ സദസ്സുകളിൽ ഷാമ്പയിൻ നുണഞ്ഞിരുന്നതും കുത്തിത്തിരുപ്പുണ്ടാക്കി സർക്കാരുകളെ വീഴിച്ചിരുന്നതും വാഴിച്ചിരുന്നതുമൊക്കെ ഇന്ത്യൻ മാർക്സിസ്റ്റുകളുടെ ഗൃഹാതുര ഓർമ്മകൾ മാത്രമാണിന്ന്. സിദ്ദീഖിനെ വെറുക്കപ്പെട്ടവൻ എന്ന് വിളിക്കാൻ ശേഷിയുണ്ടായിരുന്ന വിഎസ് ഈ കാര്യങ്ങളൊക്കെ അറിയുന്നുണ്ടോ എന്തോ, ഇത് അയാളുടെ കാലമല്ലേ… പിണറായിയുടെ എന്നും സന്ദീപ് പറഞ്ഞു.

അതേസമയം, പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി സഞ്ചരിച്ച KL 18 AB 5000 എന്ന വാഹനത്തിന്റെ ഉടമ സിദ്ദിഖ് പത്തോളം ക്രിമിനൽ കേസിലെ പ്രതിയാണെന്നാണ് ബിജെപി ഉന്നയിക്കുന്നത്. സിദ്ദിഖ് പകൽ മുസ്ലീം ലീഗിന്റെയും രാത്രി എസ്ഡിപിഐയുടെയും പ്രവർത്തകനാണ്. സിപിഎം, – എസ്ഡിപിഐ കൊടുക്കൽ വാങ്ങലിന്റെ തെളിവാണ് വാഹനം നൽകിയ സംഭവം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ വഴിയാണ് വാഹനം ഏർപ്പാട് ചെയ്തതെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിക്കുന്നു.