കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് മറ്റൊരാള്‍ വരാന്‍ തടസം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധി: പിജെ കുര്യൻ

single-img
17 April 2022

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് മറ്റൊരാള്‍ വരാന്‍ തടസം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയെന്ന് പി ജെ കുര്യന്‍പറഞ്ഞു.

ഒട്ടും സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍, അതിനാൽ തന്നെ പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്. മുങ്ങാന്‍ പോകുന്ന കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടുന്ന കപ്പിത്താനെപ്പോലെയാണ് രാഹുലെന്നും പി ജെ കുര്യന്‍ കുറ്റപ്പെടുത്തി.

ഭാവിയിലേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി മൂലം കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധി നേരിട്ട കാലത്ത് മുന്നില്‍ നില്‍ക്കാതെ ഓടി രക്ഷപ്പെട്ട വ്യക്തിയാണ് രാഹുല്‍ ഗാന്ധി. നിലപാടുകളില്‍ സ്ഥിരതയില്ലാത്തതുകൊണ്ടാണ് രാഹുല്‍ ആ ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ചുപോയത്.

ഒടുവിൽ നടുക്കടലില്‍ കാറ്റിനും കോളിനും ഇടയില്‍ ഉള്‍പ്പെട്ട ഒരു കപ്പല്‍ മുങ്ങാന്‍ പോകുമ്പോള്‍ കപ്പിത്താന്‍ ഓടി രക്ഷപ്പെടുകയല്ല വേണ്ടത്. ഞാന്‍ മുന്നില്‍ നിന്ന് നയിക്കാം എന്ന് പറയണമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്തത്. അന്ന് മുതല്‍ കോണ്‍ഗ്രസില്‍ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

എന്നാല്‍ ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടു കൂടി നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഇപ്പോഴും രാഹുല്‍ ഗാന്ധി തന്നെയാണ്. അതൊരു ശരിയായ നടപടിയല്ല’ എന്നും പി ജെ കുര്യന്‍ കുറ്റപ്പെടുത്തി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ കുറ്റപ്പെടുത്തല്‍.

കൂടിയാലോചനകള്‍ ഇല്ലാതെ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി അധഃപതിച്ചു കഴിഞ്ഞു. നയപരമായ പല തീരുമാനങ്ങളും ഇപ്പോഴും രാഹുലാണ് എടുക്കുന്നത്. മുതിര്‍ന്ന നേതാക്കളുണ്ടായിട്ടും അഭിപ്രായങ്ങള്‍ തുറന്നുപറയാനും പങ്കുവെക്കാനുമുള്ള വേദി കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്നും കുര്യന്‍ പറഞ്ഞു.