മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; ബജ്റം​ഗ് മുനി ദാസിനെ അറസ്റ്റ് ചെയ്തു

single-img
14 April 2022

മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ബജ്റം​ഗ് മുനി ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ലഖ്നൗവിന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

സമൂഹത്തിൽ വിദ്വെഷം നിറയ്ക്കുന്ന പ്രസം​ഗം നടത്തി 11 ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മുസ്ലിം സ്ത്രീകളെ ബലാത്സം​ഗം ചെയ്യണമെന്ന് ഭീഷണി മുഴക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഏപ്രിൽ രണ്ടിനാണ് പുറത്തായത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടുകയും ചെയ്തിരുന്നു.

സമാനമായ വിദ്വേഷ പ്രസം​ഗങ്ങൾ അം​ഗീകരിക്കാനാകില്ലെന്നും മുനി ദാസിനെ അറസ്റ്റ് ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. വിദ്വേഷ പ്രസംഗം, അപകീർത്തികരമായ പരാമർശം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.

പോലീസ് കേസെടുത്ത ശേഷം തന്റെ പരാമർശത്തിൽ മുനി ദാസ് മാപ്പ് പറയുന്ന വീഡിയോയും പ്രചരിച്ചു. തന്റെ പ്രസ്താവന തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞു.