ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍; വിഷുക്കൈനീട്ട പരിപാടിയെ വിമർശിച്ചവർക്കെതിരെ സുരേഷ് ഗോപി

single-img
13 April 2022

തൃശൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ സുരേഷ് ഗോപി സംഘടിപ്പിച്ച വിഷുക്കൈനീട്ട പരിപാടി വിവാദമായതിന് പിന്നാലെ വിമർശിച്ചവർക്കെതിരെ കടുത്ത പ്രതികരണവുമായി നടനും എംപിയുമായ സുരേഷ് ഗോപി.

ഹീനമായ ചിന്തയുള്ളവരാണ് തന്റെ കൈനീട്ട പരിപാടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പം. ചൊറിയന്‍ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പരിഹാസത്തോടെ പറഞ്ഞു.

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങിനെ, ‘ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാന്‍ കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നത്’.

‘ഞാൻ നൽകുന്ന ഒരു രൂപയുടെ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണുള്ളത്. അല്ലാതെ അതില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്. ആ നന്‍മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയാനുള്ളത്. ഞാനുറപ്പിച്ചു. ചൊറിയന്‍ മാക്രി പറ്റങ്ങളാണവര്‍. ധൈര്യമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ. ഞാന്‍ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണ്,’