ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായി

single-img
10 April 2022

പാകിസ്ഥാനില്‍ അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെടുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലിയില്‍ ഉയര്‍ന്ന നാടകീയതയ്ക്ക് ശേഷം അവസാന പന്ത് വരെ നേരിടുമെന്ന് പറഞ്ഞിരുന്ന ഇമ്രാന്‍ ഖാന്‍ അവിശ്വാസം നേരിടാന്‍ അവസാന നിമിഷം വരെ തയ്യാറായില്ല. കോടതിയും പട്ടാള മേധാവിയും ഇടപെട്ടതോടെ ഇമ്രാന്‍ പുറത്താകുകയായിരുന്നു.

പ്രധാനമന്ത്രിയെ പുറത്താക്കണമെങ്കിൽ 172 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ 342 അംഗ ദേശീയ അസംബ്ലിയില്‍ 174 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസ്സായത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ നാല് തവണയായി സഭ നിര്‍ത്തി വച്ചിരുന്നു. ഒടുവില്‍ രാത്രി പത്തരയ്ക്ക് വീണ്ടും അസംബ്ലി ചേരുകയായിരുന്നു. വിദേശ ഗൂഢാലോചന ആരോപിച്ച് ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്നു.

അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അര്‍ധരാത്രി പ്രത്യേക സിറ്റിങ്ങിന് കോടതി തുറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ സൈന്യത്തിന്റെയും സുപ്രിംകോടതിയുടെയും ഇടപെടല്‍ ഉണ്ടായതോടെയാണ് വോട്ടെടുപ്പ് നടന്നത്. അതേസമയം, നാളെ ഉച്ചയ്ക്ക് ചേരുന്ന ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. 2023 ല്‍ രാജ്യത്ത് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതിയതായി നിയമിക്കപ്പെടുന്ന പ്രധാനമന്ത്രി തുടരും.