സാക്ഷികളെ കൂറുമാറ്റൽ; ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ

single-img
7 April 2022

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടാൻ ബാർ കൗൺസിൽ തീരുമാനം. നാളെ തന്നെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയക്കും. ഇതിൽ മറുപടി ലഭിച്ച ശേഷമായിരിക്കും തുട‍ർ നടപടി സ്വീകരിക്കുകയെന്ന് ബാ‍ർ കൗൺസിൽ വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടിയുടെ പരാതിയെത്തുട‍ർന്നാണ് നടപടി.

ഇവരുടെ പരാതിയിൽ അഡ്വ ബി രാമൻ പിള്ള, ഫിലിപ് ടി വ‍ർഗീസ്, സുജേഷ് മേനോൻ എന്നിവ‍ർക്കാണ് വിശദീകരണം ചോദിച്ച് ബാ‍ർ കൗൺസിൽ നോട്ടീസ് അയക്കുക. നേരത്തെ നൽകിയ പരാതിയിലെ പിഴവുകൾ തിരുത്തി കഴിഞ്ഞ ദിവസമാണ് നടി പുതിയ പരാതി ബാ‍ർ കൗൺസിലിന് നൽകിയത്. ബി രാമൻ പിള്ളയ്ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

കേസിൽ 20 സാക്ഷികളെ ദിലീപിന്റെ അഭിഭാഷകൻ കൂറു മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനിൽ നിന്നും നീതി തടയുന്ന നടപടിയാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്.