ജെപി നദ്ദയുടെ ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ യുപിയിൽ സ്‌കൂളിന്റെ മതിൽ തകർന്നു

single-img
23 February 2022

ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ യുപിയിൽ സ്‌കൂളിന്റെ മതിൽ തകർന്നു. സംസ്ഥാനത്തെ ബലിയയിലെ പെഫ്ന അസംബ്ലി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനാണ് നദ്ദ എത്തിയത്.

ഇവിടെയുള്ള ഇന്റർ മീഡിയേറ്റ് കോളജ് ഗ്രൗണ്ടിൽ നഡ്ഡയുടെ ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിലാണ് സമീപത്തുള്ള സ്‌കൂളിന്റെ മതിൽ തകർന്നത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

യോഗി മന്ത്രിസഭയിലെ മന്ത്രിയും നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഉപേന്ദ്ര തിവാരിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് നദ്ദ എത്തിയത്. അതേസമയം, സ്‌കൂൾ മതിൽ തകർന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിട്ടുണ്ട്. യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മ ഇല്ലായ്മയാണ് സംഭവം തെളിയിക്കുന്നതെന്നാണ് പ്രധാനമായും വിമർശനം ഉയരുന്നത്.