കോടിയേരി പാഷാണം വര്‍ക്കിയെ പോലെ; പച്ചയ്ക്ക് വര്‍ഗീയത പറയുന്നതായി വിഡി സതീശൻ

single-img
18 January 2022

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു കയ്യില്‍ യേശുവും മറ്റേ കയ്യില്‍ കൃഷ്ണനെയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയെ പോലെയാണ്. ഒരു വീട്ടില്‍ കൃഷ്ണനെ കാണിച്ചാല്‍ അടുത്ത വീട്ടില്‍ യേശുവിനെ കാണിക്കുന്നതാണ് സ്വഭാവമെന്നും സതീശന്‍ പരിഹസിച്ചു.

കോടിയേരി ബാലകൃഷ്ണൻ പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. കോണ്‍ഗ്രസിന്റെ കേരളത്തിലെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇല്ലെന്ന പ്രസ്താവന പിന്‍വലിച്ച് കോടിയേരി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വര്‍ഗീയ പാര്‍ട്ടികള്‍ പോലും പറയാന്‍ മടിക്കുന്ന ഹീനമായ ആരോപണമാണ് കോടിയേരി ഉന്നയിച്ചത്. കോടിയേരി സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കണം. പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ പട്ടിക പരിശോധിച്ച ശേഷം ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിമാര്‍ മുഖ്യമന്ത്രിമാര്‍, ജില്ലാ സെക്രട്ടറിമാര്‍ എന്നിവരില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട എത്ര പേരുണ്ടെന്ന് ആദ്യം പരിശോധിച്ച ശേഷം വൈദ്യര്‍ സ്വയം ചികിത്സ തുടങ്ങണം. വര്‍ഗീയത പറയാന്‍ കോടിയേരി മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യം മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ച് ഭൂരിപക്ഷത്തെ പ്രീണിപ്പാക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞ് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതാണോ കേരളത്തിന്റെ മുന്‍ഗണന? കോവിഡ് സമൂഹ വ്യാപനം നടക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഒന്നാമത്തെ പരിഗണന ഇതാണോ? ഒരു നിലവാരവും ഇല്ലാതെയല്ലേ സംസാരിക്കുന്നതെന്നും സതീശൻ ചോദിച്ചു.