മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെക്കാൻ സുള്ളി ഡീല്‍സ് ആപ്പ്; നിര്‍മാതാവിന്റെ ജാമ്യഹർജി കോടതി തള്ളി

single-img
17 January 2022

മുസ്‌ലിം സ്ത്രീകളെ ഓൺ ലൈനിൽ വില്‍പനയ്ക്ക് വെച്ച സുള്ളി ഡീല്‍സ് എന്ന് പേരുള്ള ആപ്പിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യ ഹർജി ദല്‍ഹി കോടതി തള്ളി. സംസ്ഥാന പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റായിരുന്നു ഇന്‍ഡോറില്‍ വെച്ച് താക്കൂറിനെ അറസ്റ്റ് ചെയ്തത്.

കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദധാരി കൂടിയായ ഇയാൾക്ക് ഇപ്പോൾ ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസമാകുമെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ സമാന രീതിയില്‍ മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെക്കുന്ന ബുള്ളി ഭായ് എന്ന ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്‌ണോയ് കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഈ വ്യക്തിയിൽ നിന്നും ലഭ്യമായ മൊഴിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓംകരേശ്വര്‍ താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്നും കേസിന്റെ ഈ സ്വഭാവത്തെ കോടതിക്ക് അവഗണിക്കാനാവില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ബോധപൂര്‍വമാണ് പ്രതി ടോപ് ബ്രൗസറുകള്‍ ഉപയോഗിച്ചത്. രാജ്യ വ്യാപകമായി നിരവധി പരാതികളാണ് സുള്ളി ഡീല്‍സ് ആപ്പിനെതിരെ ലഭിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.