യോഗി ഗൊരഖ്പൂരിൽ മത്സരിക്കും; യുപിയിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

single-img
15 January 2022

യുപി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നു. രാമക്ഷേത്ര നിർമാണം നടക്കുന്ന അയോധ്യയിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തട്ടകമായ ഗൊരഖ്പൂരിൽ തന്നെ വീണ്ടും ജനവിധി തേടും എന്ന് വ്യക്തമായി.

സംസ്ഥാനത്തെ നിലവിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ പ്രയാഗ് രാജിലെ സിറാത്തു മണ്ഡലത്തിൽ നിന്നും ജനവിധി തേടും. ആകെ 403 അംഗങ്ങളുള്ള ഉത്തർപ്രദേശ് നിയമസഭയിലെ 107 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് ബിജെപി പ്രഖ്യാപിച്ചത്.

അവസാനം നടന്ന തെരഞ്ഞെടുപ്പിൽ ഈ 107 സീറ്റുകളിൽ 83 എണ്ണത്തിലും ബിജെപി ജയിച്ചിരുന്നു. അതിൽ തന്നെ 63 പേർക്ക് വീണ്ടും അവസരം നൽകിയപ്പോൾ 20 മണ്ഡലങ്ങളിൽ പുതുമുഖങ്ങളാണ് മത്സരിക്കാൻ എത്തുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥിപട്ടികയിൽ 44 പേർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്.. 19 പേർ പിന്നാക്ക വിഭാഗക്കാരും. പത്ത് വനിതകളും മത്സരരംഗത്തുണ്ട്.

സംസ്ഥാനത്താകെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ തന്നെയാണ് യോഗി ജനവിധി തേടുന്നത്. നേരത്തെ അഞ്ച് തവണ ഗൊരഖ്പൂരിൽ നിന്നും യോഗി ലോക്സഭയിലേക്ക് ജയിച്ചിരുന്നു. അയോധ്യയിൽ നിന്നും മത്സരിക്കാൻ യോഗിക്ക് മേൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ ശക്തികേന്ദ്രമായ ഗൊരഖ്പൂർ കൈവിട്ട് പുതിയൊരു മണ്ഡലത്തിലേക്ക് മാറാനില്ലെന്ന നിലപാട് യോഗി സ്വീകരിച്ചുവെന്നാണ് വിവരം.