പഞ്ചാബിലെ മുഖ്യമന്ത്രി ആരാവണമെന്ന് ഹൈക്കമാന്റ് തീരുമാനിക്കേണ്ട ആവശ്യമില്ല; കോൺഗ്രസ് നേതൃത്വത്തെ തള്ളി സിദ്ദു

single-img
12 January 2022

നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻതന്നെ നടക്കാനിരിക്കെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ തള്ളി പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. സംസ്ഥാനത്തെ മുഖ്യമന്ത്രി ആരാവണമെന്ന് ഹൈക്കമാന്റ് തീരുമാനിക്കേണ്ട ആവശ്യമില്ലെന്നും പഞ്ചാബിലെ ജനങ്ങളും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്, കോണ്‍ഗ്രസിന്റെ ഹൈക്കമാന്റല്ല എന്നുമാണ് സിദ്ദു പറഞ്ഞത്.

ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സിദ്ദു ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ആരായിരിക്കും പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖമാവാന്‍ പോവുന്നതെന്ന ഒരു മാധ്യമ പ്രവര്ധകന്റെ ചേദ്യത്തിനായിരുന്നു സിദ്ദുവിന്റെ മറുപടി.

സിദ്ദുവിന്റെ വാക്കുകൾ: ‘നിങ്ങളോടാരാണ് പറഞ്ഞത് ഹൈക്കമാന്റാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന്? ആരാണ് പറഞ്ഞത്? പഞ്ചാബിലെ ജനങ്ങള്‍ അഞ്ച് വര്‍ഷം മുമ്പ് അവരുടെ എംഎല്‍എമാരെ തെരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ തങ്ങളെ പ്രതിനിധീകരിക്കണോ വേണ്ടയോ എന്ന് ഇവിടുത്തെ ജനങ്ങളാണ് തീരുമാനിച്ചത്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും. അതിനാൽ നിങ്ങളുടെ മനസില്‍ തെറ്റിദ്ധാരണകളൊന്നും തന്നെ വേണ്ട. ജനങ്ങളാണ് അവരുടെ എംഎല്‍എമാരെ തെരഞ്ഞെടുക്കുന്നതും, മുഖ്യമന്ത്രി ആവണമോ എന്ന് തീരുമാനിക്കുന്നതും,’