കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്‌ലിം സമൂഹം ജാഗ്രത പുലർത്തണം; സമസ്ത പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോടെയല്ലെന്ന് ജിഫ്രി തങ്ങൾ

single-img
3 January 2022

മലപ്പുറത്ത് നടന്ന സമസ്ത സമ്മേളനത്തിൽ കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് തന്റെ അറിവോടെയല്ലെന്ന് സംഘടനാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. ഇതുപോലുള്ള വാർത്തകളിൽ തന്റെ ഫോട്ടോ ചേർത്ത് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നതിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.

കമ്മ്യൂണിസവുമായി സഹകരിക്കുന്നതിൽ മുസ്‌ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേർത്ത് ചാനലുകളിലും ഓൺലൈനുകളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം അറിയിപ്പിൽ പറഞ്ഞു. മാത്രമല്ല, തന്റെ അറിവോടെയൊ സമ്മതത്തോടയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും പ്രസ്ഥാനങ്ങൾക്കുമെതിരെ ജാഗ്രത പുലർത്താൻ മുസ്‌ലിം സമൂഹം തയാറാകണമെന്ന് ആഹ്വാനമുണ്ടായത്. ഈ സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിലാണ് കമ്മ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിനെതിരെ ജാഗ്രതാനിർദേശമുണ്ടായത്.