തിരുവനന്തപുരം വിഴിഞ്ഞത്ത് ഗുണ്ടാ ആക്രമണം; പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ചു

single-img
29 December 2021

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് ഗുണ്ടകൾ പെട്രോള്‍ പമ്പ് ജീവനക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ചു. ആക്രമണത്തിൽ ശരീരത്തിൽ വെട്ടേറ്റ നന്തുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, അക്രമം നടത്തിയ സഫറുളളയേയും സംഘത്തേയും ഇതുവരെ പിടികൂടാനായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി 11.30നായിരുന്നു ആക്രമണമുണ്ടായത്. പമ്പില്‍ വെച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചത് ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണം. തർക്കത്തിന് പിന്നാലെ പമ്പില്‍ നിന്നും പോയ സംഘം കുറച്ചു സമയത്തിന് ശേഷം തിരിച്ചുവരുകയും ജീവനക്കാരനെ ക്രൂരമായി വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പറയുന്നത്. നിലവിൽ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.