മുഖ്യമന്ത്രിക്കെതിരെ ഞാൻ എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് കമന്റ് വ്യാജം: കെകെ രമ

single-img
24 December 2021

മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ എഴുതിയതെന്ന പേരില്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് കമന്റ് വ്യാജമെന്ന് വടകര എംഎല്‍എ കെ.കെ രമ. സൈബര്‍ടീമിലെ കൊടിസുനിമാര്‍ സൃഷ്ടിക്കുന്ന നുണപ്രളയങ്ങള്‍ക്ക് ഞങ്ങളെ പോലുള്ളവര്‍ പകച്ചുപോകുമെന്ന് കരുതുന്ന വിധേയ വിഡ്ഢികള്‍ ഇപ്പോഴുമുണ്ടെന്നത് അമ്പരപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഈ സത്യാനന്തര കാലത്ത് ക്ലാസിക്കൽ ഫാസിസ്റ്റുകളെ നാണിപ്പിക്കും വിധം സംഘടിത നുണ പ്രചരണം വഴി വിയോജിപ്പുകളെ നായാടുന്ന സിപിഎം നെറികേടുകൾ തന്നെയാണ് ഇവിടെ നഗ്നമാക്കപ്പെടുന്നത്. സിപിഎം സൈബർ ക്രിമിനലുകൾ ഇപ്പോൾ പ്രചരിപ്പിക്കുന്ന സ്ക്രീൻ ഷോട്ടുമായി എനിക്കോ, എൻ്റെ ഓഫീസിനോ, പ്രസ്ഥാനത്തിനോ യാതൊരു ബന്ധവുമില്ലെന്നും സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തുന്ന ഈ വ്യാജ പ്രചരണങ്ങൾക്കും വ്യക്തിഹത്യക്കുമെതിരെ തീർച്ചയായും നിയമ നടപടികൾ സ്വീകരിക്കുമെന്നും കെ കെ രമ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസമായി കെ കെ രമയുടെ ഒഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നെന്ന പേരിലുള്ള കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു എംഎൽഎയുടെ പ്രതികരണം.