ജനങ്ങൾ നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി അധികാരത്തിന്റെ സുഖശീതളതയില്‍ അഭിരമിക്കുന്നു: കെ സുധാകരൻ

single-img
12 December 2021

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം കാരണം ജനം നടുത്തെരുവില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിൽ പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളതയില്‍ അഭിരമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . സംസ്ഥാന സർക്കാർ വിലവര്‍ധന നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും പച്ചക്കറിയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു .

പൊതുവിപണിയിൽ തക്കാളി, മുരിങ്ങ, പയര്‍, ബീന്‍സ്, വെള്ളരി, കത്തിരി എന്നിവയുടെ വില കിലോയ്ക്ക് 100 രൂപയ്ക്കുമുകളിലാണ്. സപ്ലൈകോയിൽ പലചരക്ക് സാധനങ്ങള്‍ക്ക് വിലക്കൂട്ടി കൊള്ളനടത്തുന്നു. ബസ്-വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ക്രമസമാധാനം തകര്‍ന്നു.

തലസ്ഥാനത്തെ പോത്തന്‍കോടത്തെ കൊലപാതകം ഞെട്ടിക്കുന്നതാണ്. ക്രിമിനൽക്കേസില്‍ ഒളിവില്‍പ്പോയ പ്രതിയെ പൊലീസിന് പിടിക്കാന്‍ കഴിഞ്ഞില്ല. എന്നാൽ ക്വട്ടേഷന്‍ സംഘം കണ്ടെത്തി കൊലപ്പെടുത്തി. ഇത് ആഭ്യന്തരവകുപ്പിന് നാണക്കേടാണ്. ജനസുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ്. രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജാള്യത മറയ്ക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരന്‍ പരിഹസിച്ചു.