സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കി ഗവർണർ; അനുനയ നീക്കവുമായി മുഖ്യമന്ത്രി

single-img
11 December 2021

കണ്ണൂർ, സംസ്കൃത സർവകലാശാല വൈസ് ചാൻസ്‌ലർ നിയമനവുമായി ബന്ധപ്പെട്ട് കേരളാ സർക്കാരിന് പുതിയ പ്രതിസന്ധി. കണ്ണൂർ വിസിയുടെ നിയമനം ചട്ടം ലംഘിച്ചുള്ളതാണെന്ന ഗവർണർ സ്വീകരിച്ച നിലപാട് ഇതുമായി ബന്ധപ്പെട്ട കേസിൽ ഗവർണറുടെ സർക്കാരിന് വലിയ തിരിച്ചടിയാകും. കഴിഞ്ഞ ദിവസം ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല.

ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് പറയട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ എന്ന പദവി ഒഴിയാൻ സ്വയം സന്നദ്ധത അറിയിച്ച ഗവർണ്ണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് അനുനയ ചർച്ച നടത്താനാണ് നിലവിലെ സാഹചര്യത്തിൽ സാധ്യത.

സംസ്ഥാനത്തെ സർവകലാശാലകളിൽ നടക്കുന്ന രാഷ്ട്രീയകളിക്ക് താൻ ഒരിക്കലും കൂട്ടു നിൽക്കില്ലെന്നും മുഖ്യമന്ത്രിക്ക് തന്നെ ചാൻസ്‌ലർ പദവി ഏറ്റെടുക്കാമെന്നുമുള്ള ഗവർണ്ണറുടെ കത്ത് സർക്കാരിനെ കടുത്ത സമ്മർദ്ദത്തിൽ ആക്കുന്നതാണ്. ധനമന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും നേരിട്ട് ചർച്ച നടത്തിയിട്ടും അനുനയത്തിന് ഗവർണ്ണർ തയ്യാറായിട്ടില്ല എന്നാണ് വിവരം.

കേരളത്തിലെ ഇപ്പോഴുള്ള സർവകലാശാല ചട്ടങ്ങൾ പ്രകാരം ഗവർണറാണ് ചാൻസ്‌ലർ. അതിനാൽ ഗവർണ്ണർ നിസ്സഹകരണം തുടർന്നാൽ സർക്കാരിന് വലിയ തിരിച്ചടി ഉണ്ടാകും. അതുകൊണ്ടുതന്നെ അനുനയം എന്ന സാധ്യതയാണ് സർക്കാരിന്റെ മുന്നിലുള്ളത്.