പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ

single-img
8 December 2021

കേന്ദ്ര സർക്കാർ കൈക്കൊണ്ട ജനക്ഷേമ തീരുമാനം പിന്‍തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും പെട്രോള്‍-ഡീസല്‍ നികുതി കുറച്ചപ്പോള്‍ കേരളത്തിൽ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി കുറക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

സംസ്ഥാനത്തെ പെട്രോള്‍-ഡീസല്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

കേരളം ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയാണ് നികുതി കുറക്കാത്തതിന് കാരണമായി പറയുന്നത്. അതേപോലെ തന്നെ മദ്യവും ലോട്ടറിയും മാത്രമാണ് വരുമാനമാര്‍ഗ്ഗമായി കേരള സര്‍ക്കാര്‍ കാണുന്നത്. സാധാരണക്കാരന്റെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം അനുദിനം വില വര്‍ധിക്കുകയാണ്. പെട്രോള്‍ വിലവര്‍ധനവ് എല്ലാത്തിനും വില കയറാന്‍ കാരണമാകുമെന്ന് പറഞ്ഞ് സമരം ചെയ്ത ഇടത് മുന്നണി ഭരണത്തിലെത്തിയപ്പോള്‍ നികുതി കുറയ്ക്കാതെ ജനങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ്.

ഓട്ടോ തൊഴിലാളികളെയും ഇരു ചക്രവാഹന യാത്രക്കാരെയും അവഗണിക്കുന്ന പിണറായി സര്‍ക്കാര്‍ ഏത് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മാസം തോറും നല്‍കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ ഗ്രാന്റും വായ്പയും ഉപയോഗിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. എന്നാല്‍ ഈ തുകകളെല്ലാം ദുരുപയോഗം ചെയ്യുകയാണ്. കറന്റ് ചാര്‍ജും ബസ് ചാര്‍ജും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അധിക ഭാരം കെട്ടിവച്ച് ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.