സ്വവർഗ വിവാഹങ്ങൾ നിയമാനുസൃതമാക്കി മാറ്റി ചിലി

single-img
8 December 2021

സൗത്ത് അമേരിക്കൻ രാജ്യമായ ചിലി ഇതാദ്യമായി സ്വവർഗവിവാഹങ്ങൾ നിയമാനുസൃതമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചിലി കോൺഗ്രസ് നിയമം പാസാക്കിയത്. അവസാന ഒരു പതിറ്റാണ്ടിലേറെയായി സ്വവർഗ വിവാഹങ്ങൾ നിയമാനുസൃതമാക്കാൻ വേണ്ടി വിവിധ സംഘടനകളും മറ്റും സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു.

ചിലിയിൽ ഈ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അനേക വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടങ്ങൾക്ക് അവസാനം കുറിച്ച് സർക്കാർ ഇത്തരത്തിൽ ഒരു നിർണായക നീക്കം നടത്തിയത്. ചൊവ്വാഴ്ച രാജ്യത്തെ പാർലമെന്റിന്റെ ലോവർ ഹൗസും സെനറ്റും ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

”ഇത് ചരിത്രദിവസമാണ്. നമ്മുടെ രാജ്യം സ്വവർഗ വിവാഹത്തെ അംഗീകരിച്ചിരിക്കുന്നു. നീതിയുടെ കാര്യത്തിലും തുല്യതയുടെ കാര്യത്തിലും ഒരു ചുവട് കൂടി മുന്നോട്ട്. പ്രണയം എന്നത് പ്രണയം തന്നെയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു,” ചിലിയുടെ സാമൂഹിക വികസനവകുപ്പ് മന്ത്രി കർല റുബിലാർ പ്രതികരിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം ബിൽ നിയമമാകും. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും ബില്ലിനെ സ്വാഗതം ചെയ്തു.