ബിജെപിയെ ആരും വിശ്വസിക്കില്ല; മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന കേന്ദ്രമന്ത്രിയുടെ വാദം തള്ളി മഹാ വികാസ് സഖ്യം

single-img
27 November 2021

മഹാരാഷ്ട്രയിലെ സഖ്യ സർക്കാരിനെ അടുത്ത മാര്‍ച്ചോട് കൂടി തങ്ങൾവീഴ്ത്തുമെന്ന കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ പരാമര്‍ശം പുച്ഛിച്ച് തള്ളി മഹാ വികാസ് അഘാഡി സഖ്യം. സംസ്ഥാനത്തെ കോൺ- ശിവസേന സഖ്യസര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ പ്രതികരിച്ചു. ‘ബിജെപി വലിയ പ്രവചനങ്ങള്‍ നടത്തും, പക്ഷെ അതൊന്നും നടക്കില്ല. ബിജെപിയെ ആരും വിശ്വസിക്കില്ല,’ പടോലെ പറഞ്ഞു.

അതേസമയം, ബിജെപി വെറുതെ സ്വപ്‌നം കാണുകയാണെന്നും അതൊന്നും യാഥാര്‍ത്ഥ്യമാകില്ലെന്നുമായിരുന്നു എന്‍സിപി വക്താവും മന്ത്രിയുമായ നവാബ് മാലിക്ക് പറഞ്ഞത്. ‘മാര്‍ച്ചില്‍ നിങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ മാറ്റം കാണാം. സര്‍ക്കാര്‍ രൂപീകരിക്കുകയോ നിലവിലെ സര്‍ക്കാര്‍ തകരുകയോ ചെയ്യാം,’ എന്നായിരുന്നു റാണെയുടെ പ്രസ്താവന.

ഈ പ്രസ്താവന തങ്ങൾ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു സംസ്ഥാന ഗതാഗതമന്ത്രിയും ശിവസേന നേതാവുമായ അനില്‍ പരബ് പറഞ്ഞത്. ഒരു വിധത്തിലും അടിസ്ഥാനവുമില്ലാത്ത വാദങ്ങളാണ് ബിജെപി ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.