രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

single-img
26 November 2021

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവയുടെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവിന് മുറിവേല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന ഭരണഘടന ദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രീയ സംബന്ധമായ പ്രധാനമന്ത്രിയുടെ പരാമര്‍ശം.

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അധികാരം ഏതെങ്കിലും കുടുംബത്തിന്റേത് ആകുകയാണെങ്കില്‍ അത് ജനാധിപത്യത്തിന് അപകടകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലേറെ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നാല്‍ അത് കുടുംബാധിപത്യമാകില്ല. എന്നാൽ, ഒരു കുടുംബം തന്നെ തലമുറകളായി അധികാരം കൈമാറുന്നത് അപകടകരമാണ്.

ഈ രീതിയിൽ കുടുംബങ്ങള്‍ നയിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ ഉണ്ടെന്നും അദ്ദേഹം കോൺഗ്രസിന്റെ പേര് എടുത്തുപറയാതെ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് അഴിമതിയാണ് ഇത്തരം പാര്‍ട്ടികളുടെ ലക്ഷ്യം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പിന്നാലെ സ്വാതന്ത്രത്തിനായി പോരാടിയ എല്ലാവര്‍ക്കും ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു കൊണ്ട് ഭീകരവാദത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുകയാണെന്നും അദ്ദേഹം അറിയിച്ചു.