ബിൽ പിൻവലിക്കും വരെ സമരം എന്ന കർഷക സംഘടനകളുടെ നിലപാടിനെ പിന്തുണയ്ക്കുന്നു: സീതാറാം യെച്ചൂരി

single-img
19 November 2021

ഒരു വർഷം മേലായി തുടരുന്ന കര്‍ഷകസമരത്തിന് മുന്നില്‍ കേന്ദ്രസർക്കാർ കീഴടങ്ങി മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചത് ഇന്ത്യയിലെ എല്ലാവരുടെയും വിജയമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷക സമരത്തിന് അഭിവാദ്യം അർപ്പിക്കുന്നതായും പാർലമെന്റിൽ ബിൽ പിൻവലിക്കും വരെ സമരം എന്ന കർഷക സംഘടനകളുടെ നിലപാടിനെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.

എന്നാൽ എം എസ് പിയുടെ കാര്യത്തിൽ സർക്കാർഇപ്പോഴും ഒരു ഉറപ്പും പറയുന്നില്ല. ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്നാണ് മോദി പറയുന്നത്. പക്ഷേ, വൈകുമ്പോൾ നിഷേധിക്കപ്പെടുന്നത് നീതിയാണ്. കർഷകരെ ഭീകരരും ഖലിസ്ഥാനികളുമാക്കി കേന്ദ്രസർക്കാർ ചിത്രീകരിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമര ജീവികൾ എന്ന് പരിഹസിച്ചു. എന്നിട്ടും വിവാദ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ഇന്ത്യയിലെ എല്ലാവരുടെയും വിജയമാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.