ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കും; കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍ പറയുന്നു

single-img
15 November 2021

കേരളാ ലളിത കലാ അക്കാദമി അവാര്‍ഡിന് പിന്നാലെ താന്‍ നേരിടുന്നത് വലിയ രീതിയിലുള്ള സംഘപരിവാർ സൈബര്‍ ആക്രമണമാണെന്ന് കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍. താന്‍ രാജ്യദ്രോഹകുറ്റം ചെയ്തുവെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. പക്ഷെ അവയെല്ലാം വസ്തുതകള്‍ മനസിലാക്കാതെയാണെന്നും 2020 മാര്‍ച്ചില്‍ വരച്ച കാര്‍ട്ടൂണിനാണ് അവാര്‍ഡ് ലഭിച്ചതെന്നും അനൂപ് പറയുന്നു.

ആ സമയത്തെ രാഷ്ട്രീയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് വര, വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കുമെന്നും അനൂപ് തന്റെ ഉറച്ച നിലപാട് വ്യക്തമാക്കി. സാധാരണ രീതിയിൽ ഒരു പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ വരക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നു, പക്ഷെ അവരൊന്നും ഇത്തരത്തില്‍ ആക്രമണം അഴിച്ചുവിടാറില്ലെന്നും അനൂപ് അഭിപ്രായപ്പെട്ടു.

‘2020 മാര്‍ച്ച് 5 ന് വരച്ച് സോഷ്യൽ മീഡിയയായ ഫേസ്ബുക്കില്‍ പങ്കുവെച്ച കാര്‍ട്ടൂണാണിത്. കൊവിഡ്-19 ഉള്‍പ്പെടെ അസാധാരണമായ സാഹചര്യമായിരുന്നു അതിന്. അതിനപ്പുറത്തേക്ക് ഗോമൂത്രം, ചാണക ചികിത്സ തുടങ്ങിയവയെല്ലാം പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയായിരുന്നു. പാര്‍ട്ടി നേതാക്കള്‍ തന്നെയായിരുന്നു ഇതെല്ലാം പ്രചരിപ്പിച്ചത്. അതേസമയം, ലതികകലാ അക്കാദമി 2019-20 കാലഘട്ടത്തില്‍ വരച്ച കാര്‍ട്ടൂണുകള്‍ക്കുള്ള അവാര്‍ഡിനായിരുന്നു ക്ഷണിച്ചത്. കൊവിഡ് കാരണമാണ് ഫലപ്രഖ്യാപനം നീണ്ടത്.

അതുകൊണ്ടുതന്നെ ഇന്ന് രാജ്യമാകെ നൂറുകോടി വാക്‌സിന്‍ വിതരണം ചെയ്ത സാഹചര്യത്തിലല്ല കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളതെന്ന വസ്തുത മനസിലാക്കാതെയാണ് വാളെടുത്തിരിക്കുന്നത്. തന്റെ നമ്പര്‍ നല്‍കികൊണ്ട് തുപ്പല്‍ കാര്‍ട്ടൂണ്‍ വരക്കാന്‍ ഇയാളെ ബന്ധപ്പെടാം എന്നാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. ഇതെല്ലാം കൃത്യമായ അജണ്ഡയുടെ ഭാഗമാണ്. ഏത് വിഷയമാണെങ്കിലും വരക്കേണ്ടതെല്ലാം വരച്ചിട്ടുണ്ട്. അതിന് പാര്‍ട്ടി വ്യത്യാസമില്ല. വസ്തുതയുടെ അടിസ്ഥാനത്തില്‍ ശരിയെന്ന് തോന്നുന്നത് ഇനിയും വരക്കും. അക്കാലഘട്ടത്തില്‍ നടന്ന കാര്യങ്ങളാണ് കാര്‍ട്ടുണിലുള്ളത്.’ – അനൂപ് പറയുന്നു.