പ്രതിസന്ധി ഇല്ലാതാകുന്നില്ല; ഇന്ധനവില കുറഞ്ഞിട്ടും അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറാതെ സ്വകാര്യ ബസുടമകള്‍

single-img
5 November 2021

രാജ്യത്തെ ഇന്ധന വിലയിൽ സമീപ ദിവസങ്ങളിൽ കാര്യമായ കുറവ് വന്നെങ്കിലും സംസ്ഥാന സർക്കാർ യാത്രാ നിരക്ക് കൂട്ടാതെ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍. ഇപ്പോൾ ചെയ്തതുപോലെ ഡീസല്‍ വില കുത്തനെ കൂട്ടിയ ശേഷം അല്‍പ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘനടകള്‍ അറിയിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്നായിരുന്നു ഈ മാസം 9 മുതല്‍ അനിശ്ചിത കാല സമരം നടത്താന്‍ ബസുടമകള്‍ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 12 രൂപയിലധികം കുറവ് വന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന നിലപാടിലാണ് ബസുടമകള്‍.

അതുകൊണ്ടുതന്നെ പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്നോട്ടില്ല. ഒന്നര വര്‍ഷം കൊണ്ട് ഡീസലിന് പതിനാറ് രൂപയിലധികമാണ് കൂടിയത്. സ്പെയര്‍ പാര്‍ട്സുകള്‍ക്കും വില കൂടി. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധനയല്ലാതെ മറ്റു വഴികളില്ലെന്നും ബസുടമകള്‍ പറയുന്നു.