പ്രഭാരിമാര്‍ ചടങ്ങുകളില്‍ പങ്കെടുത്ത് ഫോട്ടോയെടുത്തു മടങ്ങരുത്; ജോലി ചെയ്യണം; ബിജെപി കേരള ഘടകത്തിന് കേന്ദ്രനേതൃത്വത്തിന്റെ മുന്നറിയിപ്പ്

single-img
4 November 2021

ബിജെപി കേരളാ ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്. കേരളത്തിൽ എല്ലാവരെയും ഉള്‍പ്പെടുത്തിയും ഒറ്റക്കെട്ടായും മുന്നോട്ടുപോകണമെന്നും ഗ്രൂപ്പ് പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും സംസ്ഥാന നേതൃയോഗത്തില്‍ ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് താക്കീത് നൽകി.

സംസ്ഥാന നേതൃത്വത്തിലെ പുനഃസംഘടനയുടെ ഭാഗമായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാകാമെന്നും
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ആര്‍ക്കും സ്ഥാനമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പോലെ കേഡര്‍ നേതാക്കളും മാസ് നേതാക്കളും വേണമെങ്കിലും അതില്‍ ഗ്രൂപ്പ് വേണ്ടായെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.അദ്ദേഹത്തിന്റെ വാക്കുകൾ: ‘കേരളത്തിൽ ബിജെപി എല്ലാവരെയും ഉള്‍പ്പെടുത്തിയും മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിയും മുന്നോട്ടുപോകണം. മുതിര്‍ന്നവര്‍ പ്രധാനവും ബഹുമാനിക്കപ്പെടേണ്ടതുമാണെങ്കിലും ഗുണത്തിനാണ് പ്രാധാന്യം.

അച്ചടക്കനടപടി അവസാനത്തെ നീക്കമാണ്. പാര്‍ട്ടി ചുമതലയുള്ള പ്രഭാരിമാര്‍ ചടങ്ങുകളില്‍ പങ്കെടുത്ത് ഫോട്ടോയെടുത്തു മടങ്ങരുത്. അവിടെ തങ്ങി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ജോലിചെയ്യണം,’