ഗവേഷക വിദ്യാർത്ഥിനിയുടെ ലൈം​ഗിക അതിക്രമ ആരോപണം തള്ളി എംജി സർവകലാശാല വിസി

single-img
3 November 2021

എംജി സർവകലാശാലയിൽ സെന്ററിലെ ഒരു ഗവേഷകൻ കടന്നു പിടിക്കാൻ ശ്രമിച്ചതായുള്ള ​ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം തള്ളി വി സി സാബു തോമസ്. ഇത്തരത്തിൽ ഒരു ലൈം​ഗിക അതിക്രമം നടന്നതായി വാക്കാൽ പോലും വിദ്യാർത്ഥിനി പരാതി നൽകിയിട്ടില്ലെന്നും പരാതി നൽകിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാർത്ഥിനി ഉന്നയിക്കുന്നത് വ്യാജമായ ആരോപണങ്ങളാണെന്നും ദീപ ലാബോറട്ടറിയിലേക്ക് മടങ്ങി വന്ന് ഗവേഷണം പൂർത്തിയാക്കണമെന്നും അതിന് താൻ ഗൈഡായി നിന്ന് എല്ലാ സൗകര്യവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവം നടക്കുമ്പോൾ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വിസി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഗവേഷക പറയുന്നു. ഇതിനെ തുടർന്നാണ് അവരെ തള്ളി വി സി രംഗത്തെത്തിയത്. രാജ്യത്തെ തന്നെ മികച്ച സർവകലാശാലയാണ് എം.ജി.

ഞങ്ങൾ എല്ലാവരും വിദ്യാർത്ഥികൾക്കൊപ്പം നിലകൊള്ളുന്നവരാണ്. വിദ്യാർത്ഥികൾക്ക് എന്ത് പ്രശ്‌നമുണ്ടെങ്കിലും തങ്ങൾ അവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിസി പറയുന്നത് നുണയാണെന്ന് വിദ്യാർത്ഥി പ്രതികരിച്ചു.

2014 ലാണ് സംഭവം നടന്നതെന്നും അന്ന് വി സിയോടും നന്ദകുമാറിനോടും പരാതി പറഞ്ഞിട്ടുണ്ട്, രേഖാമൂലമല്ല പരാതി നൽകിയത്. വിസി രജിസ്ട്രാറും സിൻഡിക്കേറ്റ് മെമ്പർമാരും അടക്കമുള്ള കഴിഞ്ഞ ചർച്ചയിലും ഇക്കാര്യം പറഞ്ഞുവെന്നും വിദ്യാർത്ഥിനി പ്രതികരിച്ചു.