ലഖിംപുർ: കേന്ദ്ര സഹമന്ത്രിയുടെ മകൻ ഒളിവിൽ; ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീംകോടതി

single-img
8 October 2021
യുപിയിലെ ലഖിംപുർ ഖേരി സംഘർഷം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൻറെ മേൽനോട്ടം ഡിഐജി തലത്തിലുള്ള  ഉദ്യോഗസ്ഥന് നൽകി. ഇതുവരെ എഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ചുമതല. 

കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പേരും സംഘർഷസമയത്ത് വാഹനങ്ങളിലുണ്ടായിരുന്നു എന്ന് യുപി പൊലീസ്പ റഞ്ഞു. ഒരു വാഹനത്തിൽ  വെടിക്കോപ്പും കണ്ടെത്തി. സംഘർഷം ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീംകോടതി ഇന്നലെ യുപി സർക്കാരിന് നിർദ്ദേശം നല്കിയിരുന്നു. 

മുഖ്യപ്രതി ആശിഷ് കുമാർ മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര ഒളിവിലെന്നാണ് റിപ്പോർട്ട്. ആശിഷ് മിശ്ര ഇന്ന് രാവിലെ പത്ത് മണിക്ക് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് വീടിന് മുന്നിൽ പൊലീസ്  പതിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിൻറെയും കർഷകസംഘടനകളുടെയും തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി യോഗം ഇന്നു ചേർന്ന് ഭാവി പരിപാടികൾ ചർച്ച ചെയ്യും.