ജാമ്യാപേക്ഷ കോടതി തള്ളി; ആര്യൻ ഖാനെ മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി

single-img
8 October 2021

ആഡംബര കപ്പലിലെ ലഹരി മരുന്ന് വിരുന്നു കേസിൽ എൻസിബിയുടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈ മജിസ്‌ട്രേറ്റ് കോടതി തള്ളി. തുടർന്ന് ആര്യന്‍ ഖാനെയും രണ്ട് കൂട്ടു പ്രതികളെയും മുംബൈ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി.

ആര്യനെ ഒക്ടോബര്‍ രണ്ടിനായിരുന്നു എന്‍സിബി (നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) അറസ്റ്റ് ചെയ്തത്. കോടതി നൽകിയ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ആര്യനെ കോടതിയില്‍ ഹാജരാക്കിയത്.

നിലവിൽ ആര്യന്റെ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആര്യന്റെ ജാമ്യത്തിനായി അഭിഭാഷകന്‍ നിരത്തിയ വാദങ്ങള്‍ പൂര്‍ണമായും കോടതി തള്ളിക്കളഞ്ഞു. മാന്യതയുള്ള ഒരു കുടുംബത്തില്‍ നിന്നുവന്ന വ്യക്തിയാണ് ആര്യനെന്നും ജാമ്യത്തില്‍ ഇറങ്ങി മുങ്ങില്ലെന്നും അഭിഭാഷകന്‍ കോടതിയിൽ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നുമുള്ള എന്‍സിബിയുടെ ആവശ്യവും കോടതി തള്ളുകയായിരുന്നു.