മാർക്ക് ജിഹാദ്: നടക്കുന്നത് മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കം: മന്ത്രി വി ശിവന്‍കുട്ടി

single-img
7 October 2021

ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിൽ കോളേജുകളിൽ മലയാളികളായ വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമാണ് ‘മാർക് ജിഹാദ്’ ആരോപണത്തെ കരുതാൻ സാധിക്കൂ എന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

കൃത്യമായ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർഥികളെ വളരെ ചെറിയ കാരണങ്ങൾ പറഞ്ഞ് പ്രവേശനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പോലെയുള്ള മഹാമാരിക്കാലത്ത് കൃത്യമായി ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് മികച്ച മാർക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ.

അങ്ങിനെയിരിക്കെ ‘മെറിറ്റേതര’ കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കാൻ കേരളത്തിൽ നിന്നും മാർക് ജിഹാദ് നടക്കുന്നുണ്ടെന്ന ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ പരാമർശത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്ന കേരളം എല്ലാ കുട്ടികൾക്കും ആവശ്യത്തിലധികം മാർക്ക് നൽകി ഡൽഹി യൂണിവേഴ്സിറ്റിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് രാകേഷ് കുമാർ പാണ്ഡെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. കേരളത്തിൽ നിന്നും വരുന്ന കുട്ടികൾക്ക് ഹിന്ദിയിലോ ഇം​ഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. പക്ഷെ ഇവർ ഇത്തരം യൂണിവേഴ്സിറ്റികൾ തെരഞ്ഞെടുക്കുന്നതിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

ഇതിനെല്ലാം ഉദാഹരണമായിചൂണ്ടിക്കാട്ടുന്നത് ജെഎൻ.യു സർവകലാശാലയാണ്. ഇടതുപക്ഷം ജെഎൻയു കൈയ്യടക്കിയതു പോലെ ഡൽഹി സർവകലാശാലയും കൈയടക്കാനുള്ള ശ്രമമാണെന്നുമാണ് രാകേഷ് പാണ്ഡെയുടെ വാദം.