യുപിയില്‍ കർഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റി; 2 കർഷകർ മരിച്ചു

single-img
3 October 2021

കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് യുപിയിലെ മന്ത്രിമാർക്കെതിരായ കർഷക പ്രതിഷേധത്തിനിടെ സംഘര്‍ഷം. കർഷകരായ പ്രതിഷേധക്കാർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റി. ഇതില്‍ 2 കർഷകർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു.

അപകടത്തില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഹാപഞ്ചായത്ത് നടത്തി കർഷകർ പ്രതിഷേധിച്ചിരുന്നു. ഇന്ന് യുപി ഉപമുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത പരിപാടിയിലേക്ക് കർഷകർ പ്രതിഷേധവുമായെത്തി.

ഇതിനെ തുടർന്ന് പ്രകോപിതരായ വിഭാഗം പ്രതിഷേധിക്കുന്ന കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം വാഹനം ഓടിച്ചുകയറ്റിയെന്നാണ് ആരോപണം. ഇവിടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. വാഹനങ്ങൾക്ക് തീയിട്ടെന്നും വിവരമുണ്ട്. രണ്ട് പേർ മരിച്ച വിവരം ലഖിംപൂർ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.