സൈനിക പരിശീലനത്തില്‍ മനുസ്മൃതിയും ഭഗവത് ഗീതയും മഹാഭാരതവും ഉള്‍പ്പെടുത്തണം; ശുപാര്‍ശയുമായി കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ്

single-img
3 September 2021

രാജ്യത്തെ സൈനിക പരിശീലനത്തിനുള്ള കരിക്കുലത്തില്‍ ഭഗവത് ഗീതയും കൗടില്യന്റെ അര്‍ത്ഥ ശാസ്ത്രവും ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ രാജ്യത്തെ പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ നിന്നുള്ള പാഠഭാഗങ്ങള്‍ സൈനിക സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് കോളെജ് ഓഫ് ഡിഫന്‍സ് മാനേജ്‌മെന്റ് ആഭ്യന്തരമായി നടത്തിയ പഠനത്തില്‍ ശുപാര്‍ശ ചെയ്തതായി പറയുന്നു.

പ്രാചീന കാലഘട്ടത്തിലെ ഇന്ത്യന്‍ സംസ്‌കാരവും യുദ്ധമുറകളും കൂടി ഉള്‍പ്പെടുത്തി ആധുനിക കാലത്തെ പരിശീലനം മെച്ചപ്പെടുത്തുക എന്ന പദ്ധതിയാണ് ഈ പഠനം വഴി ലക്ഷ്യമാക്കുന്നത് എന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. കൌടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ ‘കാലാള്‍ പടയാളി’ മുതല്‍ ജനറല്‍ ഓഫീസര്‍ വരെയുള്ളവര്‍ക്കുള്ള പാഠഭാഗങ്ങള്‍ ഉണ്ടെന്നാണ് ഈ പഠനത്തില്‍ അവകാശപ്പെടുന്നത്.

ഇന്ത്യയുമായി തര്‍ക്കമുള്ള പാകിസ്ഥാനും ചൈനയും ഉള്‍പ്പെടുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യയുടെ കള്‍ച്ചറല്‍ സ്റ്റഡി ഫോറം രൂപീകരിക്കണമെന്നും പഠനത്തില്‍ പറയുന്നു. അടുത്ത രണ്ട് വര്‍ഷത്തേക്ക് മനുസ്മൃതി, നീതിസാര, മഹാഭാരതം തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളെക്കുറിച്ചും പ്രബന്ധത്തെക്കുറിച്ചും പഠനം നടത്തണമെന്നും അതോടൊപ്പം പുരാതന ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള വര്‍ക്ക് ഷോപ്പുകളും വാര്‍ഷിക സെമിനാറുകളും സായുധ സേനയ്ക്കുള്ള പാഠങ്ങളും സംഘടിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു.