ചാനൽ വിട്ടു; ട്വന്റി ഫോർ ന്യൂസിൽ ഇനി അരുൺ കുമാർ ഇല്ല

single-img
30 August 2021

മലയാള വാര്‍ത്താ ചാനല്‍ ലോകത്തില്‍ തികച്ചും വേറിട്ട വാർത്താവതരണ ശൈലി സമ്മാനിച്ച ട്വന്റി ഫോർ ന്യൂസിലെ പ്രധാന അവതാരകനായ അരുൺ കുമാർ ചാനൽ വിട്ടു. തലസ്ഥാനത്തെ കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ജോലിയിലേക്ക് തിരികെ പ്രവേശിക്കാനാണ് അരുൺകുമാർ ചാനലിൽ നിന്ന് പോകുന്നത്.

അവസാന ഒരു വർഷമായി സര്‍വകലാശാലയില്‍ ഇന്നും അവധി എടുത്തായിരുന്നു ട്വന്റി ഫോർ ന്യൂസിൽ അരുൺകുമാർ ജോലി ചെയ്തിരുന്നത്. ഈ കാലാവധി തീർന്നതോടെയാണ് ട്വന്റി ഫോർ ന്യൂസിനെ വിടാൻ അരുൺകുമാറിനെ ഇപ്പോള്‍ നിർബന്ധിതനാക്കിയത്. ഒരു വര്ഷം കൂടി അവധി നീട്ടിക്കിട്ടാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല.

അതേസമയം, നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ ട്വന്റി ഫോർ ചാനലിലെ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക് ധര്‍മ്മടത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ചാനലിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സംഭവത്തിന്‌ പിന്നാലെയാണ് ഇപ്പോള്‍ ചാനലിന്റെതന്നെ മുഖമായ പ്രധാന അവതാരകന്‍ ചാനല്‍ വിടുന്നതും.

ഒരേസമയം സർവ്വകലാശാലയിലും ന്യൂസ് ചാനലിലും ജോലി ചെയ്യുക എന്നത് സാധിക്കില്ല എന്ന് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് അരുൺകുമാർ ഒരു വർഷം മുമ്പ് ശമ്പളമില്ലാ അവധിയിൽ പ്രവേശിച്ചത്. ഈ വിവാദ അനുമതി കേരള യൂണിവേഴ്സിറ്റി കഴിഞ്ഞ വർഷം പിൻവലിച്ചത് വലിയ ചർച്ചയായിരുന്നു.