അവധിയില്‍ പോയിട്ട് 2 മാസം ; പി വി അന്‍വര്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി

single-img
20 August 2021

നിലമ്പൂര്‍ എം എല്‍ എയായ പി വി അന്‍വറിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി. അന്‍വര്‍ അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്പോഴും അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. അവസാന നിയമസഭാ സമ്മേളനത്തിലും നിലമ്പൂര്‍ എം എല്‍ എ പങ്കെടുത്തിരുന്നില്ല.

ഇപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും സ്വിച്ച്ഡ് ഓഫാണ്. നേരത്തെ തിരഞ്ഞെടുപ്പിന് മുന്‍പും മണ്ഡലത്തില്‍ എം എല്‍ എ.യുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരുന്നു. കാരണം, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പും സമാനരീതിയില്‍ പി.വി അന്‍വറിനെ രണ്ടു മാസത്തോളം കാണാതായിരുന്നു. ഇതിന് പിന്നാലെ പി വി അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും ഫെയ്സ്ബുക്കിലൂടെ ലൈവില്‍ വരുകയും സ്വര്‍ണ്ണഖനിയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ് താനെന്നും അറിയിക്കുകയായിരുന്നു.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അന്‍വറിനെ വീണ്ടും മണ്ഡലത്തില്‍ കാണാനില്ലെന്ന പരാതി വീണ്ടും ഉയരുകയാണ്. അതേസമയം, പാര്‍ട്ടിയുടെ അനുമതിയോടെ മൂന്ന് മാസത്തെ അവധിയില്‍ ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.