വാക്സിനേഷന്‍ ചെയ്യാന്‍ തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ല: മന്ത്രി വീണാ ജോര്‍ജ്

single-img
11 August 2021

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആളുകള്‍ വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്തുന്നത് കൊവിന്‍ പോര്‍ട്ടലിലാണെന്നും അതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ലാത്തതിനാല്‍ എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

നേരത്തെ അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക് കൂടി വാക്‌സിനേഷന്‍ ഉറപ്പാക്കേണ്ടതാണ്. മാത്രമല്ല വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ നല്‍കേണ്ടതാണ്. ഇതിനാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

കിടപ്പ് രോഗികള്‍ക്ക് മൊബൈല്‍ യൂണിറ്റുകളിലൂടെയും രജിസ്‌ട്രേഷന്‍ ചെയ്യാനറിയാത്തവര്‍ക്ക് ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ വേവ് വഴിയും വാക്‌സിനേഷന്‍ ഉറപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.അതേസമയം, സംസ്ഥാനത്തിന് ഇന്ന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്.

തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീല്‍ഡ് കൂടിയെത്തി. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് വാക്‌സിന്‍ എത്തുക.