ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് നേർക്ക് വധശ്രമം; മൂന്ന്പേർ പിടിയിൽ

single-img
7 August 2021

സായാഹ്ന സവാരിക്കിറങ്ങിയപ്പോൾ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടായി ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം സവാരിക്കിറങ്ങിയ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയത്തിലേക്ക് അക്രമികള്‍ കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു.

അതിവേഗം ബിപ്ലബ് കുമാര്‍ ഒരുവശത്തേക്കു ചാടിമാറിയതിനാല്‍ മാത്രമാണ് അപകടം സംഭവിക്കാതിരുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക്ചെറിയ പരുക്കേറ്റു. സുരക്ഷ ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നാലെ ഇന്നലെ തന്നെ രാത്രി കെര്‍ചൗമുഹാനി പ്രദേശത്തു നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽ നിന്നും വാഹനവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ നിലവിൽ വധശ്രമത്തിന് കേസ് എടുത്തു. ഇന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ ഓഗസ്റ്റ് 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.