കോവാക്സിന്‍ സ്വീകരിച്ചതിനാല്‍ ഗള്‍ഫില്‍ പോകാനാകുന്നില്ല; പ്രവാസിയുടെ ഹര്‍ജിയില്‍ കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്

single-img
5 August 2021

കോവിഷീൽഡ് വാക്സിന് പകരം രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചതിനാൽ ജോലി ആവശ്യത്തിനായി ഗൾഫിലേക്ക് പോകാനാവുന്നില്ലെന്ന് കാണിച്ചുകൊണ്ട് പ്രവാസി ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യ വിതരണം ചെയ്യുന്ന കോവാക്സിന് സൗദി അറേബ്യയിൽ അനുമതി ഇല്ലെന്നും അതുകൊണ്ട് തനിക്ക് കോവിഷീൽഡ് വാക്സിൻ നൽകിയില്ലെങ്കിൽ സൗദിയിലെ തന്‍റെ ജോലി നഷ്ടമാവുമെന്നും ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ ടി കെ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, കോവാക്സിന് രാജ്യാന്തര അനുമതി ഇല്ല എന്ന കാര്യം ജനങ്ങളെ ഔദ്യോഗികമായി അറിയിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ഏത് വാക്സിൻ എടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

ഒരേ രോഗത്തിന് തന്നെ പ്രതിരോധമായി മറ്റൊരു കമ്പനി ഇറക്കുന്ന മറ്റൊരു വാക്സിൻ എടുക്കുന്നത് ലോകമാകെയുള്ള മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ അസാധാരണമായ കാര്യമല്ലെന്ന് ഹരജിയില്‍ പറയുന്നു. നിലവില്‍ കാനഡ, ഇസ്രായേൽ, സ്പെയിൻ തുടങ്ങി പല രാജ്യങ്ങളും മൂന്നാമത് വാക്സിൻ നൽകിത്തുടങ്ങി.

വിദേശത്തെ പല രാജ്യങ്ങളുടെയും അനുമതി ഇല്ലാത്ത ആദ്യ രണ്ട് വാക്സിനുകൾ നൽകിയ കാനഡയിലെ ക്വിബേക്ക് സർക്കാര്‍ ഇപ്പോള്‍ ലോകയാത്ര ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവരുടെ ജനങ്ങൾക്ക് മൂന്നാമത് വാക്സിൻ നൽകിയ കാര്യവും ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിനോട് ഇത്രയും വേഗം മറുപടി നൽകാൻ ആവശ്യപ്പെട്ടു. വരുന്ന തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.